
ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്തിനെയും കൂട്ടരെയും സെഷൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. വാവ പ്രമോദ് എന്നറിയപ്പെടുന്ന ചേർത്തല മുൻസിപ്പൽ 30-ാം വാർഡിൽ കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ പ്രിൻസ്, സി എം സി 28-ാം വാർഡിൽ നെല്ലിക്കൽ ലിജോ ജോസഫ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ ജോൺ ബോസ്കോ എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിലായി 7 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്.
ഫൈൻ തുക കൃത്യത്തിൽ പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരമായി നൽകണം. 2018 ഓഗസ്റ്റ് 16ന് ചേർത്തല ചുടുകാട് ജങ്ഷന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി എത്തി ഹെൽമറ്റും കല്ലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചേർത്തല സ്വദേശിയെ അയൽവാസികൾ ഉടനടി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ചേർത്തല സബ് ഇൻസ്പെക്ടർ എസ് ചന്ദ്രശേഖരൻ നായരാണ്. കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ സബ് ഇൻസ്പെക്ടർ ബിജു ഏകോപനം നടത്തി. ആലപ്പുഴ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജി രാധാകൃഷ്ണൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam