
ആലപ്പുഴ: ആലപ്പുഴയിൽ തീരത്തടിഞ്ഞ ചത്ത ഭീമൻ തിമിംഗലത്തിന്റെ ജഡം മറവ് ചെയ്യാൻ ചെലവായത് നാല് ലക്ഷം രൂപ.
കടുത്തുരുത്തിയിൽ നിന്നുള്ള സംഘമാണ് തിമിംഗലത്തെ സംസ്കരിച്ചത്. 35,000 മുതൽ 40, 000 കിലോയോളം ഭാരമുള്ള നീല തിമിംഗലത്തിന്റെ ജഡം മൂന്ന് ഭാഗങ്ങളാക്കി മുറിച്ച് അതിൽ ഒരുഭാഗം അർത്തുങ്കൽ ഹാർബറിൽ കുഴിച്ചിടുകയും ബാക്കി രണ്ട് ഭാഗങ്ങൾ ദഹിപ്പിക്കുകയുമായിരുന്നു.
കടുത്തുരുത്തി സ്വദേശി പി ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേൺ ഗ്രൂപ്പാണ് രണ്ട് ഭാഗങ്ങൾ ദഹിപ്പിച്ചത് . ഇതിന് രണ്ടു ദിവസമെടുത്തു.30 ടൺ വിറക്, 15 കുറ്റി പാചക വാതകം, മൂന്ന് ടൺ ചിരട്ട എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയത്. വയനാട് ദുരന്തത്തിലും ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ മോർച്ചറിയും ദഹന സംവിധാനങ്ങളുമായി ദിവസങ്ങളോളം ജോലി ചെയ്തിരുന്നു. പക്ഷിപ്പനി കാലത്തും പക്ഷികളെ ദഹിപ്പിക്കാനും ഗിരീഷിന്റെ സേവനം ആലപ്പുഴയിലെ ഉദ്യോഗസ്ഥർ തേടിയിരുന്നു. തിമിംഗലത്തെ ദഹിപ്പിക്കാൻ 10 ഓളം തൊഴിലാളികളാണ് ഗിരീഷിനൊപ്പം ആലപ്പുഴയിൽ എത്തിയത്. നാല് ലക്ഷം രൂപയാണ് ചെലവായത്.
കഴിഞ്ഞ 30ന് വൈകിട്ടാണ് നീല തിമിംഗലത്തിന്റെ ജഡം ഒറ്റമശേരി കടൽത്തീരത്തു അടിഞ്ഞത്. 20 ടണ്ണിന്റെ രണ്ട് ക്രെയിനുകൾ എത്തിച്ചാണ് തിമിംഗലത്തെ കരയ്ക്ക് എത്തിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ തിമിംഗത്തിന്റെ മരണകാരണം ശ്വാസതടസമാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. തിമിംഗലം, ഡോൾഫിൻ പോലുള്ള ജലത്തിലെ സസ്തനികൾ വെള്ളത്തിനടിയിൽനിന്നു കൂടെ കൂടെ പൊങ്ങി വന്നു വായു വലിച്ചെടുത്താണു ശ്വസിക്കുന്നത്. തലയ്ക്കു മുകളിലെ ബ്ലൂ ഹോൾ വഴിയാണ് ഇവ വായു വലിച്ചെടുക്കുന്നതും ശ്വസിക്കുന്നതും. ഈ ശ്വസനത്തിന് എന്തെങ്കിലും തടസം സംഭവിച്ചാൽ അത് മരണത്തിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ചേർത്തല കടക്കരപ്പള്ളി ഒറ്റമശ്ശേരി തീരത്ത് തിമിംഗിലം ചത്തടിഞ്ഞതിനു പിന്നാലെ ആലപ്പുഴ ബീച്ചിൽ കടലാമയും ചത്തടിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam