
കോട്ടയം : തിരുവാതുക്കലിൽ ഒരു വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. തിരുവാതുക്കൽ വേളൂർ സ്വദേശി രാധാകൃഷ്ണൻ നായർ എന്നയാളുടെ വീടിന്റെ മുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിന്റെ മുട്ട കണ്ടെത്തിയത്. വീട്ടുകാർ വിവരം സ്‌നേക്ക് റസ്‌ക്യൂ ടീമിനെ അറിയിച്ചു. സംഘം ഉടൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഒരു വലിയ മൂർഖൻ പാമ്പിനെയും 47 പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. പാമ്പുകളെ വനംവകുപ്പ് കൊണ്ടുപോയി.
ഇവിടെ നിന്നും 100 മീറ്റർ അകലെ സ്കൂട്ടറിനുളളിൽ നിന്നും ഒരു മൂർഖൻ കുഞ്ഞിനെയും കണ്ടെത്തി. വീട്ടുകാരിൽ ഒരാളാണ് വണ്ടിക്കുളളിലേക്ക് പാമ്പ് ഇഴഞ്ഞ് പോകുന്നത് കണ്ടത്. സ്‌നേക്ക് റസ്‌ക്യൂ ടീം വാഹനം പരിശോധിച്ച് പാമ്പിനെ പുറത്തെടുത്തു. ചൂട് കാലാവസ്ഥ കൂടിയതിനാൽ പാമ്പുകൾ പുറത്തെക്കിറങ്ങാനുളള സാധ്യതയെ കുറിച്ച് നേരത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.