കൊവിഡ് 19: മലപ്പുറം ജില്ലയിൽ 474 പേർ കൂടി നിരീക്ഷണത്തിൽ, വൈറസ് ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരം

By Web TeamFirst Published Mar 30, 2020, 8:10 PM IST
Highlights

ജില്ലയിൽ 11 പേർക്കു കൂടി തിങ്കളാഴ്ച കൊവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളിൽ 457 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച മുതൽ 474 പേർക്കുകൂടി  പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,099 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് കൊവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തിൽ അറിയിച്ചു. 105 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 

കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 89 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എട്ട്, തിരൂർ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു പേർ വീതവും ഐസൊലേഷൻ വാർഡുകളിലുണ്ട്. 11,971 പേർ വീടുകളിലും 23 പേർ കൊവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.  

അതേസമയം, ജില്ലയിൽ 11 പേർക്കു കൂടി തിങ്കളാഴ്ച കൊവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളിൽ 457 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 122 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

click me!