
ആലപ്പുഴ: രാജ്യത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ നാട് നിശ്ചലമായി. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
എ ഐ ടി യു സി, സി ഐ ടി യു, ഐ എന്‍ ടി യുസി, എച്ച് എം എസ്, എസ് ടി യു, എ ഐ സി സി ടി യു, എ ഐ യു ടി യു സി, ടി യു സി സി, സേവ, എല്‍ പി എഫ്, യു ടി യു സി തുടങ്ങിയ തൊഴിലാളി സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. പണിമുടക്കിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി- സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു. ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങളും അപൂര്‍വ്വമായാണ് നിരത്തിലിറങ്ങിയത്. ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും ഫാക്ടറികളും പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. ജലഗതാഗത വകുപ്പ് അധികൃതരും പണിമുടക്കില്‍ പങ്കുചേര്‍ന്നതിനാല്‍ ബോട്ട് സര്‍വീസും പൂര്‍ണ്ണമായി നിലച്ചു.
ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും സഞ്ചാരികള്‍ എത്താത്തതിനെ തുടര്‍ന്ന് ഈ മേഖലയും നിശ്ചലമായി. സര്‍ക്കാര്‍ സ്‌കൂളുകളുള്‍പ്പെടെയുള്ളവ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയില്ല. ജില്ലയുടെ സമസ്തമേഖലകളെയും പണിമുടക്ക് സ്വാധീനിച്ചതിനാല്‍ ജനജീവിതം പൂര്‍ണ്ണമായും നിശ്ചലമായി. പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയില്‍ സംഘര്‍ഷങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ആലപ്പുഴ, ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍ എന്നീ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ ട്രെയിന്‍ പിക്കറ്റ് ചെയ്തു. കൂടാതെ ആലപ്പുഴ, അരൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ചാരുംമൂട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ കേന്ദ്രങ്ങളില്‍ സമരകേന്ദ്രം തുറന്ന് തൊഴിലാളികള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സത്യാഗ്രഹവും ആരംഭിച്ചു.
ആലപ്പുഴയില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം സി ഐ ടി യു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി നേതാവ് എസ് സജീവ് അധ്യക്ഷനായി. എഐടിയുസി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി പി മധു സ്വാഗതം പറഞ്ഞു. ആലപ്പുഴ സമരകേന്ദ്രത്തില്‍ നടന്ന സത്യാഗ്രഹം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ബാബു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam