
തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് പാറാട്ടു വീട്ടിലെ നാലാം ക്ലാസുകാരി ഹബീബയാണ് ഇപ്പോള്‍ നാട്ടിലെ മിന്നും താരം. വെറും 57 സെക്കന്‍ഡില്‍ പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളുടെ അറ്റോമിക് നമ്പര്‍ കൃത്യമായി പറഞ്ഞു തീര്‍ത്താണ് ഈ കൊച്ചുമിടുക്കി കലാം ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. ഈ നേട്ടത്തോടെ ഹബീബക്ക് നാട്ടില്‍ അഭിനന്ദന പ്രവാഹമാണ്. ബ്ലാങ്ങാട് പാറാട്ടു വീട്ടില്‍ ആരിഫ് ഹസ്‌ന ദമ്പതികളുടെ മകളാണ് ഹബീബ. ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. റെക്കോര്‍ഡ് നേട്ടം ഹബീബയെ സംബന്ധിച്ചിടത്തോളം ഇരട്ടത്തിളക്കമാണ്. കാരണം 2024ല്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഈ കൊച്ചുമിടുക്കി ഇടം നേടിയിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഹബീബ ശാസ്ത്രമേളയിലും അറബിക് കലോത്സവത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ ബാല പ്രതിഭ പുരസ്‌കാരവും സ്വന്തമാക്കി. ഇനിയും പല ഉയരങ്ങളും കീഴടക്കാനുള്ള പരിശ്രമത്തിലാണ് ഈ മിടുക്കി.