5 ടണ്ണിലധികം കയറ്റുമതി ചെയ്തു കഴിഞ്ഞു, കടൽ കടന്ന് നെയ്യാറിലെ കരിമീനും വരാലും; ആഗോളശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി

Published : Oct 31, 2025, 05:29 AM IST
fish farming

Synopsis

നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷി പദ്ധതി, വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ, വരാൽ കൃഷിയിലൂടെ ആഗോള ശ്രദ്ധ നേടുന്നു. ഗോത്രവിഭാഗങ്ങൾക്ക് ഉപജീവനം നൽകുന്ന ഈ പരിസ്ഥിതി സൗഹൃദ പദ്ധതി, വിജയകരമായി യുകെയിലേക്ക് മത്സ്യം കയറ്റുമതി ചെയ്യുന്നു. 

തിരുവനന്തപുരം: കേരളത്തിലെ ശുദ്ധജല മത്സ്യകൃഷി മേഖലയിൽ ഒരു പുതിയ പാത തുറന്ന് നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷി പദ്ധതി ആഗോള ശ്രദ്ധ ആകർഷിക്കുന്നു. ശുദ്ധജലാശയങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ കൃഷിയും കൂടുകളിലെ വരാൽ കൃഷിയും ആഗോളതലത്തിൽ ആദ്യമായി നടപ്പാക്കിയ ഈ സംരംഭം, സാങ്കേതിക നേട്ടങ്ങൾക്കൊപ്പം ഒരു സാമൂഹിക മുന്നേറ്റം കൂടിയാണ്. പദ്ധതി തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ വിദേശരാജ്യങ്ങളിൽ നിന്നടക്കം അന്വേഷണങ്ങൾ പ്രവഹിക്കുകയാണ്. ഈ സംരംഭം ലോകത്തിന് ഒരു മാതൃകയായി മാറുന്നതിന്‍റെ സൂചനയാണ് ഇത്. തദ്ദേശീയ മത്സ്യ ഇനങ്ങളെ മാത്രം ഉപയോഗിച്ച്, റിസർവോയറിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കി എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

സ്ഥിരമായ ഉപജീവനം

ഡാമുകളുടെ നിർമ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങിയ കാരണങ്ങളാൽ മത്സ്യസമ്പത്ത് കുറയുകയും തൽഫലമായി മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കിയ ഗോത്രവിഭാഗക്കാർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്ത ഒരു സാഹചര്യത്തിലാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. ഗോത്രവിഭാഗങ്ങൾക്ക് സ്ഥിരമായ ഉപജീവനം ഉറപ്പുവരുത്തുക, അവർക്കിടയിലെ പ്രോട്ടീൻ ക്ഷാമം പരിഹരിക്കുക, പ്രദേശവാസികൾക്ക് കലർപ്പില്ലാത്ത മത്സ്യം ലഭ്യമാക്കുക തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംഎംഎസ്‍വൈയിൽ ഉൾപ്പെടുത്തി 10.81 കോടി രൂപ ചെലവിലാണ് 'പാർട്ടിസിപ്പേറ്ററി ഇന്‍റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്മെന്‍റ് ഇൻ സെലക്റ്റഡ് റിസർവ്വോയേഴ്‌സ് ഓഫ് കേരള' എന്ന ഈ സംരംഭം നെയ്യാർ, പീച്ചി, ഇടുക്കി റിസർവോയറുകളിൽ നടപ്പാക്കാൻ തീരുമാനിച്ചത്.

പദ്ധതിയുടെ നിർവ്വഹണത്തിനായി പുരവിമല സെറ്റിൽമെന്‍റിലെ 14 ഗോത്രവിഭാഗം ജീവനക്കാർക്കാണ് തൊഴിൽ നൽകിയത്. മത്സ്യബന്ധന വകുപ്പിന് കീഴിലുള്ള എഡിഎകെ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുവണ്ണാമൂഴി റിസർവോയറിൽ പ്രാഥമിക പരിശീലനവും തുടർന്ന് നെയ്യാറിൽ വെച്ച് കരിമീൻ, വരാൽ കൃഷിരീതികളെക്കുറിച്ച് നിരന്തര പരിശീലനവും ഇവർക്ക് നൽകി. വന്യജീവി സംരക്ഷിത മേഖലയായതിനാൽ വനം വകുപ്പിന്‍റെ അനുമതി ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗോത്രവിഭാഗക്കാർ തന്നെ ഗുണഭോക്താക്കളാകണം, വളർത്തുന്ന മത്സ്യങ്ങൾ തദ്ദേശമത്സ്യങ്ങളായിരിക്കണം എന്നീ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് പുരവിമല കടവിന് സമീപം 100 എച്ച്ഡിപിഇ ഫ്ലോട്ടിംഗ് കേജുകൾ സ്ഥാപിച്ചത്.

ആധുനിക സംവിധാനങ്ങളായ സോളാർ വിളക്കുകൾ, സിസിടിവി ക്യാമറകൾ, സംഭരണ മുറികൾ, ബോട്ടുകൾ, വിപണനത്തിനുള്ള കാരിയർ വാഹനങ്ങൾ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആരംഭത്തിൽ നിരവധി സാങ്കേതിക വെല്ലുവിളികൾ നേരിട്ടെങ്കിലും, ശാസ്ത്രീയമായ ഇടപെടലുകളിലൂടെയും ഗോത്രവിഭാഗം ജീവനക്കാരുടെ കഠിനാധ്വാനത്തിലൂടെയും അവയെല്ലാം വിജയകരമായി മറികടക്കാൻ സാധിച്ചു.

തദ്ദേശവാസികൾക്ക് ആവശ്യമായത് കഴിഞ്ഞുള്ള മത്സ്യം ബ്രിട്ടനിലേക്ക് (യുകെ) കയറ്റി അയക്കുന്നതിനുള്ള സാധ്യതകൾ തേടുകയും, ഗുണനിലവാര പരിശോധനയ്ക്ക് ശേഷം 500 കിലോഗ്രാം വീതമുള്ള കൺസൈൻമെന്‍റുകൾ കയറ്റി അയക്കാൻ ഓർഡർ ലഭിക്കുകയും ചെയ്തു. ഇതിനോടകം അഞ്ച് ടണ്ണിലധികം മത്സ്യം കയറ്റുമതി ചെയ്യാനും വിറ്റഴിക്കാനും സാധിച്ചത് പദ്ധതിയുടെ വാണിജ്യപരമായ വിജയം ഉറപ്പിക്കുന്നു. നെയ്യാർ റിസർവോയറിലെ കരിമീനും വരാലിനും ഒപ്പം കടൽ കടക്കുന്നത്, ഈ തദ്ദേശീയ ഗോത്ര ജനതയുടെ അതിജീവനത്തിന്‍റെ വിജയഗാഥ കൂടിയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു