
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ക്രിമിനൽ കേസ് പ്രതികളെ വർക്കലയിൽ നിന്നും പിടികൂടി. കേരളത്തിലെത്തി രഹസ്യമായി താമസിച്ചു വരികയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെയുള്ള അഞ്ചംഗ സംഘത്തെയാണ് വർക്കല പൊലീസ് പിടികൂടിയത്. മധുരൈ ജയന്തിപുരം സ്വദേശികളായ മനോജ് കുമാർ, അരുൺ, മതിയഴകൻ, പ്രവീൺകുമാർ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. വധശ്രമക്കേസുകളിലും പന്ത്രണ്ടോളം പിടിച്ചുപറി കേസുകളിലും പ്രതികളായ ഇവർ കഴിഞ്ഞ 26ന് തമിഴ്നാട്ടിൽ പിടിച്ചുപറി നടത്തിയ ശേഷം വർക്കല ഹെലിപ്പാഡിലെ സ്വകാര്യ റിസോർട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കേരളത്തിലുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് പൊലീസ് വിവരം കേരള പൊലീസിന് കൈമാറി. പ്രതികൾ ട്രെയിൻ മാർഗം റെയിൽവേ സ്റ്റേഷനിലെത്തിയെന്ന വിവരത്തെ തുടർന്ന് വർക്കല ഡിവൈഎസ്പിയുടെ പ്രത്യേക നിർദ്ദേശത്തിൽ പാപനാശം റിസോർട്ടുകൾ കേന്ദ്രീകരിച്ച് ടൂറിസം പൊലീസ് പരിശോധന നടത്തി. ശനി, ഞായർ ദിവസങ്ങളിൽ മുറിയെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് ഇന്നലെ പ്രതികളെ കീഴ്പ്പെടുത്തിയത്.ഇവരെ തമിഴ്നാട് പൊലീസിന് കൈമാറി.