
കോന്നി: പത്തനംതിട്ട കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് വാടകയ്ക്ക് താമസിക്കുന്നതിനു വീട് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം ബാലാത്സംഗത്തിന് വിധേയയാക്കിയ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയെയാണ് ഇയാൾ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോന്നിയിൽ ജോലിക്കെത്തിയ യുവതിയെ, ടൗണിൽ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ആരുമില്ലെന്നും, അവിടെ താമസിക്കാമെന്നും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
വീട് നോക്കാനായി സ്ഥലത്തെത്തിച്ചാണ് ഷാജി യുവതിയെ ആദ്യം ബലാൽസംഗത്തിന് വിധേയയാക്കിയത്. 2022 നവംബറിലാണ് സംഭവം. യുവതിയെ മുറിക്കുള്ളിൽ പൂട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രവാസിയായ പ്രതി തുടർന്ന്, വിദേശത്ത് പോകുകയും, പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും, 2024 ലും നിരന്തരം ഈ വീട്ടിൽ വച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും, അവ യുവതിക്ക് വാട്സാപ്പ് വഴി അയക്കുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീട്ടിൽ വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിച്ചത്.
യുവതിയെ നഗ്നയായി വീഡിയോകാൾ ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചും തുടർന്ന് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.
ശല്യം സഹിക്കവയ്യാതെ കോന്നിയിലെ ജോലി ഉപേക്ഷിച്ചു പോയ യുവതിയെ, അവിടെയും അന്വേഷിച്ചെത്തിയ പ്രതി, ശല്യം ചെയ്യൽ തുടർന്നു. ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് ഇവർ കോന്നി പൊലീസിനെ പരാതിയുമായി സമീപിച്ചത്. ശനിയാഴ്ച യുവതിയുടെ മൊഴിപ്രകാരം ബലാൽസംഗത്തിനും ഐ ടി നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്ത പൊലീസ്, പ്രാഥമിക നിയമനടപടികക്ക് ശേഷം കോടതിയിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുത്തു. കേസ് എടുക്കുന്നതറിഞ്ഞു വിദേശത്തേക്ക് കടക്കാൻ വേഗം ടിക്കറ്റ് ബുക്ക് ചെയ്ത് കോന്നി വിട്ട ഇയാളെ യാത്രാമധ്യേ കൊട്ടാരക്കരവച്ച് പൊലീസ് പിടികൂടുകയായിരുന്നു. പ്രതി പ്രത്യേക പ്രകൃതക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ നിരന്തര ശല്യം കാരണം, ഫോൺ നമ്പരുകളും, സാമൂഹിക മാധ്യമങ്ങളിലെ അക്കൌണ്ടുകളും ഉപേക്ഷിച്ച യുവതിക്ക് പിന്നീട് ഇയാൾ കത്തുകൾ അയക്കാൻ തുടങ്ങി. ഒറ്റക്ക് കാണണമെന്നും മറ്റുമായിരുന്നു ഇയാളുടെ ആവശ്യം.
നഗ്നദൃശ്യങ്ങളും മറ്റും കയ്യിലുണ്ടെന്ന് പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തിയതോടെ യുവതി മാനസികമായി ആകെ തകർന്നു. പുതിയ ജോലിസ്ഥലത്തും താമസിക്കുന്ന ഇടത്തുമൊക്കെ പ്രതി എത്തി പിന്തുടർന്ന് ശല്യം ചെയ്യുന്നത് തുടർന്നപ്പോഴാണ് സഹികെട്ട് ഇവർ പരാതിയുമായി സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഊർജ്ജിതമായി നടത്തിയ അന്വേഷണത്തിലാണ് വിദേശത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കാതെ പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam