
തിരുവനന്തപുരം: പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര (25) യെ അമ്പത് വർഷം കഠിന തടവ് ശിക്ഷ. ഇതിനൊപ്പം മുപ്പത്തിഅയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രതേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2021 സെപ്റ്റംബർ 06 നാണ് കേസിന് ആസ്പദമായ സംഭവം ആരംഭിച്ചത്. അന്നേ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസം പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ചാണ് പീഡിപ്പിച്ചത്. ഈ സമയം പെൺകുട്ടിയുടെ ലെഗിൻസും മറ്റുമാണ് പ്രതി ധരിച്ചത്. വിവാഹ വാഗ്ദാനം നൽകിയതിനാൽ കുട്ടി ആരാടും പറഞ്ഞില്ല. തുടർന്ന് അതേ മാസം ഇരുപത്തിയെന്നിന് കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതി കയറി. അവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വർക്കലയിലുള്ള ഒരു ലോഡ്ജിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് മറ്റൊരു കേസിന്റെ വിചാരണയും പൂർത്തിയായി.
പ്രോസക്യൂഷൻന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസക്യൂഷൻ ഇരുപത്തിയേഴ് സാക്ഷികളെ വിസ്തരിക്കുകയും മുപ്പത്തിയാറ് രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ് ഷാജി, സബ് ഇൻസ്‌പെക്ടർ ബി ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam