
ചേർത്തല: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയെന്ന കേസിൽ പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡിൽ തിരുമല ഭാഗം നികർത്തിൽ വീട്ടിൽ സാബു(55)നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി(പോക്സോ) ജഡ്ജി ശിക്ഷിച്ചത്. 2022 ഒക്ടോബറിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അച്ഛൻ നടത്തിയിരുന്ന തുണിക്കടയിൽ ഞായറാഴ്ച ദിവസം രാവിലെ കട തുറക്കനായെത്തിയ 14 വയസ്സുള്ള ആൺകുട്ടിയെ കടയുടമയുടെ വീട്ടിൽ ജോലിക്ക് വന്ന പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
തുണിക്കടയോട് ചേർന്നുള്ള ശൗചാലയത്തിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ഗ്ലാസ് ഷീറ്റ് എടുക്കുന്നതിനായി വന്ന പ്രതി അതെടുക്കാനായി കുട്ടിയുടെ സഹായം ആവശ്യപ്പെടുകയും, സഹായിക്കുന്നതിനായി ചെന്ന കുട്ടിയെ പീഡനത്തിനിരയാക്കി സ്ഥലം വിടുകയുമായിരുന്നു. പിന്നീട് കുട്ടി അച്ഛനെ വിവരം അറിയിച്ചു. അല്പസമയത്തിനുശേഷം വീണ്ടും അവിടേക്ക് വന്ന പ്രതി കുട്ടിയുടെ അച്ഛൻ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. രക്ഷാതാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് സാബുവിനെ അറസ്റ്റ് ചെയ്തു.
കേസിൽ പോക്സോ നിയമപ്രകാരം 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവും അനുഭവിക്കേണ്ടി വരുമെന്ന് കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 33 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ ഹാജരാക്കുകയും ചെയ്തു. കുത്തിയതോട് എസ്. ഐ ആയിരുന്ന ജി. അജിത്കുമാർ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർന്നുള്ള അന്വേഷണം സ്റ്റേഷൻ ഓഫീസറായിരുന്ന എ. ഫൈസലാണ് നടത്തിയത്. സിപിഒമാരായ സബിത, ശ്രീവിദ്യ, ഗോപകുമാർ, അനിൽകുമാർ, രാജേഷ്, ബിജോയ്, വിനീഷ്, വൈശാഖൻ, സുജീഷ് മോൻ, മനു, കിംഗ് റിച്ചാർഡ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ മഞ്ചാടിക്കുന്നേൽ അഡ്വ. വി. എൽ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
Read More : പേര് കള്ള് ചെത്ത്, ഷെഡിൽ മറ്റൊരു പണി; കോട്ടയത്ത് കുക്കറിൽ വാറ്റിയ ചാരായവും 35 ലിറ്റർ വാഷും പിടികൂടി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam