കൊവിഡ് 19: തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന 571 പേരെ പുനരധിവസിപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം

By Web TeamFirst Published Mar 29, 2020, 7:36 AM IST
Highlights

വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ മൂന്നുനേരം ഭക്ഷണവും വേണ്ട പരിചരണവും ഇവര്‍ക്ക് നല്‍കുന്നുണ്ട്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന 571 പേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റല്‍, പ്രീമെട്രിക് ഹോസ്റ്റല്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഹോസ്റ്റല്‍, ബി.ഇ.എം എച്ച്.എസ് സ്‌കൂള്‍, ഗവ. മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ഇവരെ പുനരധിവസിപ്പിച്ചത്.

വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ മൂന്നുനേരം ഭക്ഷണവും വേണ്ട പരിചരണവും ഇവര്‍ക്ക് നല്‍കുന്നുണ്ട്. ഇഖ്‌റ ഹോസ്പിറ്റലുമായി സഹകരിച്ച് വൈദ്യപരിശോധനയും മാനസികാരോഗ്യ ക്യാമ്പും സംഘടിപ്പിച്ചു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലെ വിദഗ്ദ സംഘം മാനസിക പ്രയാസമനുഭവിക്കുന്നവരെ പരിശോധിക്കുകയും പ്രത്യേക സെഷന്‍ ഒരുക്കുകയും ചെയ്തു.

വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന ആരോരുമില്ലാത്ത പാവപ്പെട്ടര്‍, വൃദ്ധര്‍, അഥിതി തൊഴിലാളികള്‍ എന്നിവരുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ടുകൊണ്ട് ജില്ലാ ഭരണകൂടം സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

click me!