
കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയും കുടുംബവും മുഖ്യമന്ത്രിയെ കാണാനെത്തി. കഴിഞ്ഞ ദിവസം രാവിലെ കൊല്ലത്തെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. പെൺകുട്ടിയെയും സഹോദരനേയും മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. നവകേരള സദസിന്‍റെ കടക്കലിലെ വേദിയിലാണ് കുട്ടികളെ അനുമോദിച്ചത്. ഇരുവരേയും ഹസ്തദാനം നൽകിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കുട്ടികളും കുടുംബവും നവകേരള സദസിലെത്തിയത്. വേദിക്ക് മുന്നിലിരുന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നിറഞ്ഞ കൈയ്യടിയോടെയാണ് ഇരുവരെയും സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ കണ്ടതിൽ വലിയ സന്തോഷം ഉണ്ടെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹീറോ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് ആറ് വയസുകാരിയുടെ സഹോദരൻ പറഞ്ഞു.
നവംബര്‍ 27ന് തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റെജിയുടെയും മകൾ ആറുവയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരനായ ഒൻപതു വയസുകാരനേയും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ചെറുത്ത് നിന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം സഹോദരിയുമായി കടന്നു. കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് കണ്ടെത്തുന്നത്. കുട്ടിയെ തിരികെ കിട്ടി മൂന്നാം ദിവസമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്.
Read More : 'റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ചോദിച്ചു, ചതിയുടെ മുഖംമൂടി അഴിച്ചുമാറ്റാനായില്ല'; ഡോ. ഷഹ്നയുടെ കുറിപ്പ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam