
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരൻ അതേ ടോറസിനടിയിൽപ്പെട്ട് മരിച്ചു. നെടുങ്ങപ്ര തെക്കേക്കൂടി വീട്ടിൽ ബേസിൽ ടി ഏലിയാസിന്റെ മകൻ ജോഷ്വയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് നെടുങ്ങപ്രയിലെ ഐടിഐ കെട്ടിടത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. അച്ഛനൊപ്പം സമീപത്തെ കടയിൽ നിന്ന് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ പുറപ്പെടാനൊരുങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ സ്കൂട്ടറിൽ നിന്ന് ജോഷ്വ റോഡിലേക്കും ബേസിൽ മറുവശത്തേക്കും വീണു. റോഡിലേക്ക് വീണ ജോഷ്വയുടെ ശരീരത്തിലൂടെ ടോറസിന്റെ ടയർ കയറിയിറങ്ങി. കുട്ടി തത്ക്ഷണം മരിച്ചു. കോട്ടപ്പടി ഭാഗത്ത് നിന്ന് അമിതഭാരം കയറ്റി അമിത വേഗത്തിൽ സഞ്ചരിക്കുന്ന ടോറസ് ലോറികളെ കുറിച്ച് നേരത്തെയും പരാതികളുണ്ടായിരുന്നു. അപകടത്തിനിടയാക്കിയ ടോറസ് ലോറിയിൽ പാസില്ലാതെ കരിങ്കൽ കടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. അശമന്നൂർ ഗവ. യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ജോഷ്വ. അമ്മ: പിങ്കി. സഹോദരി: ജോവാൻ. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോതമംഗലം ചെറിയപള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam