
തിരുവനന്തപുരം: ചിത്രരചനയുടെ അടിസ്ഥാന പാഠം പോലും അറിയാത്ത 60 കാരി വീട്ടമ്മ തന്‍റെ ക്യാൻവാസിൽ വരച്ചത് 60 ലേറെ ചിത്രങ്ങൾ. 56-ാം വയസിൽ ഒരാഗ്രഹം തോന്നി ക്യാൻവാസിൽ വരച്ച ചിത്രത്തിൽ നിന്ന് തുടങ്ങി നാല് വർഷം പിന്നിടുമ്പോൾ ഇന്ന് ചിത്രരചനയിലൂടെ പുതിയ പാഠങ്ങൾ നുകരുകയാണ് മുൻ അധ്യാപിക കൂടിയായ തിരുമല വട്ടവിള അത്തത്തിൽ വേണുഗോപാലിന്റെ ഭാര്യ സുചിത്ര.
ചിത്രരചനയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത സുചിത്ര നാല് വർഷം മുമ്പാണ് ക്യാൻവാസിൽ ആദ്യമായി ഒരു ചിത്രം വരയ്ക്കുന്നത്. അന്ന് ഈ ചിത്രം ഒപ്പമുണ്ടായിരുന്ന അമ്മ പത്മജയെ കാണിക്കുകയും തുടർന്ന് അമ്മയുടെ പ്രചോദനത്തിൽ കൂടുതൽ ചിത്രങ്ങൾ വരച്ചു തുടങ്ങുകയുമായിരുന്നു. ഇന്ന് വിവിധ തരത്തിലുള്ള 60ലേറെ ചിത്രങ്ങളാണ് സുചിത്ര ക്യാൻവാസിൽ പകർത്തിയത്. യൂട്യൂബ് വഴി കാണുന്ന മറ്റുള്ളവർ വരയ്ക്കുന്ന ചിത്രങ്ങൾ ഇഷ്ടപ്പെട്ടാൽ അതും സ്വന്തം ശൈലിയിൽ സുചിത്ര ക്യാൻവാസിൽ പകർത്തും.
വീട്ടുജോലികൾ കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ ആണ് സുചിത്ര ചിത്ര രചനയ്ക്ക് ആയി മാറ്റി വയ്ക്കുന്നത്. ഓരോ ചിത്രങ്ങൾ വരയ്ക്കുമ്പോഴും അതിൽ നിന്ന് പുതിയ അറിവുകൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തിയാണ് അടുത്ത ചിത്രം വരയ്ക്കാറുള്ളതെന്ന് സുചിത്ര പറയുന്നു. പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് ആദ്യം വരച്ചിരുന്നത്. പിന്നീട് മണ്ഡല ആർട്ട്, അബ്സ്ട്രാക്റ്റ് ഉൾപ്പെടെ മറ്റ് പല ആശയങ്ങൾ സുചിത്ര പരീക്ഷിച്ചു. സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്ന സുചിത്ര ജോലി ഉപേക്ഷിച്ച ശേഷം മൂത്ത മകൾക്കൊപ്പം ബംഗളൂരുവിൽ താമസിച്ചിരുന്ന സമയമാണ് കൂടുതൽ ചിത്രങ്ങളും വരച്ചത്.
തിരികെ നാട്ടിലെത്തിയ ശേഷവും വര തുടർന്നു. ഭാര്യയുടെ ചിത്രരചനയിൽ ഭർത്താവ് വേണുഗോപാലും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. സുചിത്രയ്ക്ക് ചിത്രം വരയ്ക്കുന്നതിനും വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനും വീട്ടിൽ തന്നെ ഭർത്താവ് വേണുഗോപാൽ അടുത്തിടെ ഒരു സ്റ്റുഡിയോ ഒരുക്കി നൽകി. ഒഴിവു സമയങ്ങളിൽ തന്‍റെ മനസ്സിലേക്ക് ഓടിയെത്തുന്ന ആശയങ്ങൾ ക്യാൻവാസിൽ പകർത്തുകയാണെന്ന് സുചിത്ര പറയുന്നു. അമ്മയുടെ മരണ ശേഷം വരയ്ക്കുന്ന ചിത്രങ്ങൾ ആദ്യം കാണിക്കുന്നത് 101 വയസ്സ് പിന്നിട്ട പിതാവ് ഗോപിനാഥൻ നായരെയാണ്.
ഓരോ ചിത്രങ്ങൾ കാണുമ്പോഴുമുള്ള അദേഹത്തിന്‍റെ അഭിപ്രായങ്ങൾ തനിക്ക് വളരെ വിലപ്പെട്ടതാണെന്ന് സുചിത്ര പറയുന്നു. ചിത്രരചനയ്ക്കൊപ്പം കവിതകൾ എഴുതുന്നതും സംഗീതത്തിനനുസരിച്ച് വരികൾ എഴുതുന്നതും സുചിത്രയുടെ മറ്റൊരു വിനോദം ആണ്. ആദ്യമായി അച്ഛനെക്കുറിച്ച് എഴുതിയ കവിത പ്രസിദ്ധീകരിക്കണം എന്നായിരുന്നുയെങ്കിലും അതിന് സാധിച്ചില്ല എന്ന് സുചിത്ര പറയുന്നു. മക്കളായ ചാന്ദിനിയും ഗോപികയും മരുമക്കളായ അർജുനും, ഗിരീഷും സുചിത്രയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam