Asianet News MalayalamAsianet News Malayalam

ചേട്ടാ... ഒരു മുഴം മുല്ലപ്പൂ, ഇല്ലിഷ്ടാ! മീറ്ററിൽ എത്ര വേണം; ഇനി മുഴക്കണക്കില്ല, അളവ് എങ്ങനെ; നിയമം അറിയാം

കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴമായി കണക്കാക്കിയിരുന്നത്. അതായത് കൈയുടെ നീളം കൂടുന്നത് അനുസരിച്ച് പൂമാലയുടെ അളവും മാറും. ഇതോടെ സ്കെയില്‍ വച്ച് അളക്കാനാണ് നിര്‍ദേശം

jasmine garland sale not in muzham use centimeter and meter rule explained btb
Author
First Published Jun 29, 2023, 5:20 PM IST

തൃശൂർ: ചേട്ടാ... ഒരു മുഴം മുല്ലപ്പൂ... പൂക്കടയിൽ പോയി ഇങ്ങനെ പറഞ്ഞാല്‍ ഇനി കിട്ടണമെന്നില്ല. എത്ര മീറ്റര്‍ മുല്ലപ്പൂ വേണമെന്ന് തൃശൂരിലെ പൂക്കടക്കാര്‍ ചോദിക്കും. അല്ലേല്‍ ഒന്നും രണ്ടുമല്ല, 2000 രൂപയാണ് പോയി കിട്ടുക. തൃശൂർ മാത്രമല്ല, കേരളത്തില്‍ പലയിടത്തും ഇനി പൂ കച്ചവടം ഇങ്ങനെയായിരിക്കും. കഴിഞ്ഞ ദിവസം തൃശൂര്‍ പാലസ് റോഡിലെ ആർ എം ആർ പൂക്കടയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു നോട്ടീസ് അയച്ചു. മുലപ്പൂ മുഴത്തിന് വിറ്റതിന്  2000 രൂപയാണ് പിഴ ചുമത്തിയത്. പിന്നാലെ ഇത് വാര്‍ത്ത ആയതോടെ കേരളമാകെ ചര്‍ച്ചയാവുകയും ചെയ്തു.

മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടതെന്നാണ് നിയമം വ്യക്തമാക്കുന്നത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴമായി കണക്കാക്കിയിരുന്നത്. അതായത് കൈയുടെ നീളം കൂടുന്നത് അനുസരിച്ച് പൂമാലയുടെ അളവും മാറും. ഇതോടെ സ്കെയില്‍ വച്ച് അളക്കാനാണ് നിര്‍ദേശം. 44.5 സെന്‍റീമീറ്ററാണ് ഒരു മുഴം പൂ ചോദിച്ചാല്‍ കൊടുക്കേണ്ടത് എന്നാണ് ലീഗല്‍ മെട്രോളജി വിഭാഗം നിര്‍ദേശിച്ചിട്ടുള്ളത്. 

ലീഗല്‍ മെട്രോളജി വകുപ്പിന് പറയാനുള്ളത് 

പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതലായി ഉപയോഗിക്കുന്നത് എസ്ഐ (ഇന്‍റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്) യൂണിറ്റ് ആണ്. അതിൽ മുഴം, ചാണ്‍ ഇതൊന്നും പറയുന്നില്ല. മുഴത്തിൽ പൂ വിറ്റാല്‍ ലീഗല്‍ മെട്രോളജി ആക്ടില്‍ പറയുന്ന 11 1 ഇ പ്രകാരവും അതിന്‍റെ പീനല്‍ പ്രൊവിഷനായ 29 പ്രകാരവും 2000 രൂപയാണ് പിഴ ഈടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം പാലിക്കണമെന്നുള്ളത് കൊണ്ടാണ് അല്‍പ്പം 'കടന്ന കൈ' ആണെങ്കിലും നടപടി സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

പൂക്കടക്കാര്‍ പറയുന്നത്

മുഴം കണക്കിന് പൂ വിൽക്കാൻ പാടില്ല എന്ന ലീഗൽ മെട്രോളജി വകുപ്പിന്‍റെ നിർദ്ദേശം പ്രായോഗികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പൂക്കടക്കാര്‍ പറയുന്നത്. 50 കൊല്ലത്തിലേറെയായി മുഴക്കണക്കിനാണ് പൂ വില്‍പ്പന നടത്തുന്നത്. അതുകൊണ്ട് ഈ മാറ്റം പൊതു ജനങ്ങള്‍ക്ക് മനസിലാകണമെന്നില്ല. അവര്‍ക്ക് മീറ്റര്‍ പറഞ്ഞാല്‍ സംശയം വരും. മുഴക്കണക്കില്‍ നിന്ന് മാറുമ്പോള്‍ ശരിക്കും ഉപഭേക്താവിന് നഷ്ടമാണ്. ഇങ്ങനെയൊരു നിര്‍ദേശങ്ങള്‍ മുമ്പ് ആരും നല്‍കിയിട്ടില്ലെന്നും കോട്ടയം തിരുനക്കരയിലെ പൂ കച്ചവടക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മൂല്ലപ്പൂ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്, 'സ്പോട്ട് റിപ്പോര്‍ട്ടര്‍' കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios