
കോഴിക്കോട്: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ പി. ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. 2018 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്.
പ്രതിയുടെ വീട്ടിൽ വച്ചാണ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് പുറമേ വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ബാലികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി. എന്നാല്‍ കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പിതാവ് വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൽ ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജെതിനാണ് കോടതിയിൽ ഹാജരായത്.
സമാനമായ മറ്റൊരു സംഭവത്തില്‍ പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നാൽപതു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി ഇരുപതു വർഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. 2018 ലാണ് കേസിനാസ്പദ സംഭവം നടക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് പല തവണകളായി പ്രതി കുട്ടികളെ ലൈംഗികമായിപീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും ഇയാള്‍ കുട്ടികളോട് നടത്തിയിരുന്നു. കുട്ടികളിൽ ഒരാൾ പിന്നീട് പീഡന വിവരം സഹോദരിയെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ വയനാട്ടില്‍ യുവാവ് പിടിയിലായിരുന്നു. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam