കരുതലിന്റെ 'കോഴിക്കോടന്‍ മോഡല്‍'; കോഴിക്കോട് തെരുവില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചത് 671 പേരെ

By Web TeamFirst Published Apr 10, 2020, 7:30 PM IST
Highlights

കൊറോണ വൈറസിനെയും തെരുവിന്റെ അനാഥത്വത്തെയും മറികടന്ന് അവരിപ്പോള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ കനിവിന്റെ കരുതലില്‍ സുരക്ഷിതരാണ്. ഏതൊരു ദുരന്തകാലത്തും അവഗണിക്കപ്പെട്ടുപോകാവുന്ന ഒരു വിഭാഗത്തെ കരുതലിന്റെ ആദ്യദിനങ്ങളില്‍ തന്നെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് കൊറോണക്കാലത്തെ വേറിട്ട ചിത്രമായി

കോഴിക്കോട്: കൊറോണ വൈറസിനെയും തെരുവിന്റെ അനാഥത്വത്തെയും മറികടന്ന് അവരിപ്പോള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ കനിവിന്റെ കരുതലില്‍ സുരക്ഷിതരാണ്. ഏതൊരു ദുരന്തകാലത്തും അവഗണിക്കപ്പെട്ടുപോകാവുന്ന ഒരു വിഭാഗത്തെ കരുതലിന്റെ ആദ്യദിനങ്ങളില്‍ തന്നെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് കൊറോണക്കാലത്തെ വേറിട്ട ചിത്രമായി. കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന നൂറുകണക്കിന് പേര്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷിത കേന്ദ്രങ്ങളിലാണ്.

മൂന്ന് നേരം ഭക്ഷണം, അന്തിയുറങ്ങാനുള്ള ഇടം, വൈദ്യസഹായം തുടങ്ങി കനിവിന്റെ സ്‌നേഹസ്പര്‍ശമുള്ള ക്യാമ്പുകളില്‍ ഇവര്‍ ഏറെ ആശ്വാസത്തോടെയാണ് കഴിയുന്നത്. ഇന്ന് മറ്റു ജില്ലകള്‍ക്ക് കൂടി മാതൃകയാണ് സ്‌നേഹ കരുതലിന്റെ ഈ 'കോഴിക്കോടന്‍ മോഡല്‍'.  ജില്ലാ കലക്ടര്‍ സാംബശിവറാവു പ്രത്യേക താല്‍പ്പര്യത്തോടെ ആരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് കരുത്താകുന്നത് ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളാണ്. ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത് സബ്കളക്ടര്‍ ജി പ്രിയങ്കയ്ക്കാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷീബ മുംതാസിനെ നോഡല്‍ ഓഫീസറായും ചുമതലപ്പെടുത്തി. നഗരം സിഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സഹായവും ക്യാമ്പുകള്‍ക്ക് ലഭിക്കുന്നുണ്ട്. ദൈനംദിന നടത്തിപ്പ് വിവിധ സന്നദ്ധസംഘടനകളും ഏറ്റെടുത്തതോടെ ക്യാമ്പുകളുടെ നടത്തിപ്പ് ഏറെ സുഗമമായി.

ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന 671 പേരെയാണ് കൊവിഡ് സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിതാമസിപ്പിച്ചത്. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്, ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റല്‍, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ബോയ്‌സ് ഹോസ്റ്റല്‍, പിങ്ക് ഹോസ്റ്റല്‍, ബി.ഇ.എം എച്ച്.എസ്.സ്‌കൂള്‍, ഗവ. മോഡല്‍ സ്‌കൂള്‍, മെഡിക്കല്‍ കോളേജ് ക്യംപസ് സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുന്നത്.

ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സന്നദ്ധസംഘടനകളുടെ നിസ്വാര്‍ഥമായ സേവനമാണ് കരുത്താകുന്നത്. മെഡിക്കല്‍ കോളജ് സ്‌കൂളിലെ ഒഴികെയുള്ള ഏഴ് ക്യാമ്പുകളിലേക്കും ഭക്ഷണം തയ്യറാക്കി നല്‍കുന്നത് അല്‍ഹിന്ദ് ചാറിറ്റബിള്‍ ഫൗണ്ടേഷന്‍ ആണ്. മാത്തോട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലെ തയ്യാറാക്കുന്ന സെന്‍ട്രലൈസ്ഡ് കിച്ചണില്‍ തയ്യാറാക്കുന്ന ഭക്ഷണം ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ അവരുടെ വാഹനത്തില്‍ യഥാസമയങ്ങളില്‍ ക്യാമ്പുകളിലെത്തിച്ച് വിതരണം ചെയ്യും.

സന്നദ്ധ സംഘടനയായ ഐഎസ്എം ആണ് വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഈസ്റ്റ്ഹില്ലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തണല്‍ സംഘടനയാണ് ചുക്കാന്‍പിടിക്കുന്നത്. ബിഇഎം സ്‌കൂളിലും ഗവ. മോഡല്‍ സ്‌കൂളിലും ഹെല്‍പ്പിങ് ഹാന്റ്‌സ് നേതൃത്വം നല്‍കുന്നു. മെഡിക്കല്‍ കോളജ് സ്‌കൂളില്‍ നടക്കുന്ന ക്യാമ്പിലേക്കുള്ള ഭക്ഷണമൊരുക്കുന്നതും ദൈനം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സിഎച്ച് സെന്ററാണ്. കൂടാതെ യുവത തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് സഹായവുമായെത്തുന്നുണ്ട്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, പാളയം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ കണ്ടെത്തിയാണ് ക്യാമ്പിലെത്തിച്ചത്. ആവശ്യമായ വൈദ്യപരിശോധയും ഇവര്‍ക്ക് നടത്തിയിരുന്നു. ആരോഗ്യവകുപ്പ്, ഇംഹാന്‍സ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ കഴിയുന്നവരുടെ വിവരശേഖരണവും നടത്തുന്നുണ്ട്. 

മെഡിക്കല്‍ ക്യാമ്പ്, ആള്‍ക്കഹോള്‍ അനോനിമസിന്റെ ക്ലാസ, വ്യക്തിഗത കൗണ്‍സിലിങ്, അവശ്യമരുന്നുകള്‍ തുടങ്ങിയവയും ക്യാമ്പിലുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതിനായി ടെലിവിഷന്‍, കാരംസ്, ലുഡോ തുടങ്ങിയ കളികള്‍ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചു പോകാം. വീടും ബന്ധുക്കളും ഇല്ലാത്തവരെ പുനരധിവസിപ്പിക്കുന്നതിന് വ്യക്തമായ പദ്ധതികളും ഇതിന്റെ ഭാഗമായി തയ്യാറാകുന്നുണ്ട്.

click me!