
പൂച്ചാക്കൽ: അക്വേറിയം വൃത്തിയാക്കുന്നതിനിടെ മണപ്പുറം സെന്റ് തെരേസാസ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത് - സിനി ദമ്പതികളുടെ മകൻ അലൻ ( ഉണ്ണിക്കുട്ടൻ- 11 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. അയൽപക്കത്ത് നിന്നും മടങ്ങിയെത്തിയ മുത്തശ്ശി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂച്ചാക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ എട്ടാം ക്ലാസ് വിദ്യാർഥി അശ്വിൻ.
അതേസമയം പഞ്ചാബിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മൻസയിൽ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ആറ് വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. അച്ഛനും സഹോദരിക്കുമൊപ്പം നടന്നു പോകുമ്പോഴാണ് അജ്ഞാതർ വെടിയുതിർത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രതികളിൽ രണ്ട് പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. 35 കാരനായ ജസ്പ്രീത് സിംഗ് തന്റെ എട്ട് വയസുള്ള മകൾക്കും ആറ് വയസുള്ള മകനുമൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ സംഘം ജസ്പ്രീതിന് നേരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ വെടിയേറ്റത് ജസ്പ്രീതിന്റെ മക്കൾക്കായിരുന്നു. മകൻ മരിക്കുകയും മകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അമ്രിക് സിങ്, സേവക് സിങ്, ഛന്നി എന്നിവർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ജസ്പ്രീത് നേരത്തെ പൊലീസിനോട് പരാതിപ്പെട്ടിരുന്നു. ഇവർ തമ്മിൽ എന്താണ് തർക്കമെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തു. സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam