
കോഴിക്കോട് : ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൽ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് 'മണ്ണിൻ വർണ്ണ വസന്തം' എന്ന പരിപാടി സ്വന്തമാക്കിയത്.
ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ലോകറെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. മണ്‍ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ നിര്‍വഹിച്ചു. വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രസിദ്ധമായ 106 സ്ഥലങ്ങളിൽ നിന്നും സമാഹരിച്ചാണ് മണ്‍ചിത്രചായക്കൂട്ട് ഒരുക്കിയത്. മണ്ണിന്റെ സഹജമായ നിറത്തിനോടൊപ്പം തന്നെ ചുവപ്പും മഞ്ഞയും വെളളയും കറുപ്പും നിറത്തിലുളള മണ്‍ചായങ്ങള്‍ നാടിന്റെ വൈവിദ്ധ്യത്തെ വിളിച്ചോതുന്നുതായിരുന്നു.
ചരിത്രസ്മാരകങ്ങളും സാമൂഹ്യപരികര്‍ത്താക്കളും നവോത്ഥാന നായകരും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളുമൊക്കെയാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചതെങ്കിലും കാസര്‍ഗോട്ടെ എൻഡോസൾഫാൻ ഗ്രാമം എൻമഗജേയുടെ ചിത്രീകരണം വ്യത്യസ്തമായി. ഏപ്രില്‍ 10 ന് നാടിന് സമര്‍പ്പിക്കാനിരിക്കുന്ന വിശ്വജ്ഞാനമന്ദിരവും ക്യാന്‍വാസില്‍ ഇടം പിടിച്ചു. വടക്കുനാഥ ക്ഷേത്രം മുതൽ നിലക്കൽ, പമ്പ, പരുമലപ്പള്ളി, ചേരമാൻ പള്ളി, വാവര് പള്ളി, ചാലിയംപുഴക്കര പള്ളി, കന്യാകുമാരി തിരുവള്ളുവർ പ്രതിമ,പുനലൂര്‍ തൂക്കുപാലം, തളി മഹാക്ഷേത്രം, മിശ്ക്കാൽപ്പള്ളി , മോയിൻകുട്ടി സ്മാരകം, ശാന്തിഗിരിയിലെ താമരപ്പര്‍ണ്ണശാല, തുടങ്ങിയ കേന്ദ്രങ്ങളുടെ ചിത്രങ്ങളും, ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, സ്വാമിവിവേകാന്ദൻ, വാക്ഭടാനന്ദൻ, അയ്യങ്കാളി, ശങ്കരാചര്യർ, സ്വാതി തിരുന്നാൾ, രവിവര്‍മ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വി.ടി.ഭട്ടത്തിരിപ്പാട്, കേളപ്പജി, മന്നത്ത് പദ്മനാഭൻ, വയലാർ , പ്രേംനസീർ, അമൃതാനന്ദമയീ, വൈക്കം മുഹമ്മദ് ബഷീർ. ഒ.വി. വിജയൻ , കുഞ്ഞുണ്ണി മാസ്റ്റർ, സി.എച്ച്. മുഹമ്മദ് കോയ, പാണക്കാട് ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ ചിത്രങ്ങളും ചിത്രകാരന്മാർ ആലേഖനം ചെയ്തു.
ഓരോ ചിത്രങ്ങളും വരച്ചത് അതുമായി ബന്ധപ്പെട്ട സ്ഥലത്ത് നിന്നുള്ള മണ്ണ് സംഭരിച്ചാണ് എന്നത് വലിയ പ്രത്യേകതയായി. സതീഷ് പാലോറ, രാംദാസ് കക്കട്ടില്‍, കൃഷ്ണൻ പാത്തിരിശ്ശേരി, സുരേഷ് ഉണ്ണി, ശശി കോട്ട്, സിഗ്നി ദേവരാജ്, ഹാറൂൺ അൽ ഉസ്മാൻ , യു.കെ. രാഘവൻ മാസ്റ്റർ, മേരി എർ മിന റോഡ്രിഗസ് , ബിവീഷ്.കെ തുടങ്ങിയ 72 ചിത്രകാരന്മാർ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് തുടങ്ങിയ മൺചിത്രം വര ആറ് മണിയോടെ പൂർത്തിയാക്കി.
Read Also: മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചു; വൈദ്യുതി തൂൺ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി അപകടം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam