
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ 1, 9 വാര്‍ഡുകള്‍, ഐസിയുകള്‍, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു. ചികിത്സിച്ച് രോഗം ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്.
മന്ത്രി ആവശ്യപ്പെട്ട പ്രകാരം ഇവരില്‍ 15 പേരെ ഏറ്റെടുക്കാന്‍ പത്തനംതിട്ട കുമ്പനാട് ഗില്‍ഗാല്‍ തയ്യാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് ആശുപത്രിയില്‍ തന്നെ കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.
അതേസമയം രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് 'ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്‍പിറ്റല്‍ ഇനിഷ്യേറ്റീവ്' (Queer Friendly Hospital Initiative) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടേയും ക്വിയര്‍ വ്യക്തികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവേചനങ്ങളില്ലാതെ ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് 'ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്‍പിറ്റല്‍ ഇനിഷ്യേറ്റീവ്' നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ ജനറല്‍ ആശുപത്രികളെ ക്വിയര്‍ ഫ്രണ്ട്‌ലി ആക്കി മാറ്റാനായി ജീവനക്കാര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ക്വിയര്‍ ഫ്രണ്ട്‌ലി ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...