
ആലപ്പുഴ: 99 വയസ്സുപിന്നിട്ടിട്ടും വ്രതാനുഷ്ടാനം മുടക്കാതെ എടുക്കുന്ന മറിയുമ്മ വാർത്തകളിൽ നിറയുന്നു. എട്ടാംവയസ്സിൽ തുടങ്ങിയ വ്രതാനുഷ്ഠാനം മുടങ്ങാതെ നിർവഹിക്കാൻ കഴിയുന്നത് അല്ലാഹുവിന്റെ കാരുണ്യത്താലാണെന്ന് മറിയുമ്മ പറയുന്നു. ഇന്നത്തെപ്പോലെ വിഭവ സമൃദ്ധമായിരുന്നില്ല പഴയനോമ്പുകാലം. കുട്ടിക്കാലത്ത് ഇടയത്താഴത്തിന് ശർക്കരയും പഴവും അവലും ചേർത്ത് തയാറാക്കിയ പാലുവാഴക്കയായിരുന്നു. അത് എല്ലാവർക്കും നിർബന്ധമായിരുന്നു. നോമ്പ് തുറക്കുമ്പോൾ ജീരകക്കഞ്ഞിയും നാരങ്ങവെള്ളവും ചായയും കൈകളിൽ പരത്തുന്ന കൈയൊറോട്ടിയുമാണ് കഴിച്ചിരുന്നത്. നാരങ്ങവെള്ളം ശരിയാക്കാൻ മാസങ്ങൾക്കു മുമ്പേ നറുനീണ്ടി ലായനി ശരിയാക്കിവെക്കുമായിരുന്നു.
പഴയകാലം വറുതിയുടെയും പ്രയാസങ്ങളുടെയും ആയിരുന്നെങ്കിലും റമദാൻകാലം മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചത്. വാർധക്യത്തിന്റെ അവശതകൾ ഏറെയുണ്ടെങ്കിലും ഇന്നും ഒരു നോമ്പും മുടക്കാറില്ല. മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് ചാലാങ്ങാടിയിൽ പരേതനായ സി.വി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യയാണ് മറിയുമ്മ.
പൊരിപലഹാരങ്ങൾ നോമ്പുകാലങ്ങളിൽ കഴിച്ചതായി മറിയുമ്മയുടെ ഓർമയിലില്ല. ഇറച്ചി കിട്ടണമെങ്കിൽ പെരുന്നാൾ വരണമായിരുന്നു. കാലം മാറിയപ്പോൾ ഭക്ഷണരീതിയും മാറി. സ്വന്തമായി കൈകൊണ്ട് തുന്നിയ കുപ്പായമാണ് മറിയുമ്മ ധരിച്ചിരുന്നത്. ഏതാനുംനാൾ മുമ്പ് വരെ വ്രതാനുഷ്ഠാനം തുടങ്ങുമ്പോൾ തന്നെ പെരുന്നാളിന് അണിയാൻ വേണ്ടിയുള്ള കുപ്പായം തുന്നി തുടങ്ങും. ശാരീരിക അവശതകളും കാഴ്ചയും മങ്ങിയതോടെ കുപ്പായം തുന്നാൻ കഴിയാറില്ല. വാർധക്യത്തിന്റെ ക്ഷീണം കണ്ണുകളിലും കാലുകളിലും പകർന്ന് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും പൂർണസമയം പ്രാർഥനനിരതയാണ്.
വാർധക്യത്തിന്റെ ക്ഷീണം കണ്ണുകളിലും കാലുകളിലും പകർന്ന് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും പൂർണസമയം പ്രാർഥനനിരതയാണ്. റമദാൻ വ്രതാനുഷ്ഠാനത്തിന്റെ നന്മകൾ ജനത്തെ ബോധവത്കരിക്കാൻ എല്ലാവർഷവും നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തിരുന്ന ഭർത്താവ് പരേതനായ സി.വി. കുഞ്ഞുമുഹമ്മദാണ് മറിയുമ്മയുടെ മാതൃക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam