
മലപ്പുറം: ദിവസവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി ബസ് ജീവനക്കാര്‍ മാതൃകയാകുന്നു. കോഴിക്കോട്-എടത്തനാട്ടുകര റൂട്ടില്‍ സര്‍വിസ് നടത്തുന്ന 'ഇന്‍ഷാസ്' ബസിലാണ് ഇത്തരത്തിലുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ദിവസവും 60 ഓളം ഭക്ഷണ പൊതികളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. കൂടാതെ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമുണ്ട് എന്നൊരു ബോര്‍ഡും ബസിന്റെ മുമ്പില്‍ സ്ഥാപിച്ചിട്ടുണ്ട്. റംസാന്‍ മാസം മഗ്‌രിബ് ബാങ്കുവിളി ഉയര്‍ന്നാല്‍ ഈ ബസില്‍ ഒരാളും വിശന്നിരിക്കേണ്ടി വരില്ല. ജാതിമത ഭേദമന്യേ നോമ്പെടുത്തവര്‍ക്കും എടുക്കാത്തവരും നോമ്പു തുറക്കാനുള്ള വിഭവങ്ങളെത്തുമെന്ന് ജീവനക്കാര്‍ പറഞ്ഞു.
നോമ്പുതുറ സമയത്ത് തന്റെ ബസിലെത്തുന്ന ഒരാളും വിശന്നിരിക്കരുതെന്ന ബസുടമ എടത്തനാട്ടുകര സ്വദേശി ഫിറോസ് അലിയുടെയും ഉമ്മ സൈനബയുടെയും തീരുമാനത്തിലാണ് 2013 മുതല്‍ എല്ലാ വര്‍ഷവും നോമ്പുദിവസങ്ങളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്. റംസാനില്‍ വിദ്യാര്‍ഥികളും ജോലി കഴിഞ്ഞു പോകുന്നവരും യാത്രയില്‍ നോമ്പ് തുറക്കാന്‍ പ്രയാസപ്പെടാറുണ്ട്. യാത്രക്കാരുടെ പ്രയാസം മനസിലാക്കിയാണ് ഫിറോസ് അലി ബസില്‍ ഇഫ്താര്‍ കിറ്റ് നല്‍കാന്‍ തുടങ്ങിയത്. ജീവനക്കാരും പിന്തുണ നല്‍കിയതോടെ വന്‍വിജയമായി.
നോമ്പ് തുറക്കാന്‍ ആവശ്യമായ ഈത്തപ്പഴത്തിനും വെള്ളത്തിനും പുറമേ മുന്തിരിയും തണ്ണിമത്തനുമുള്‍പ്പെടെ പഴങ്ങളും സമൂസയും വടയും ഉണ്ടാകും. 5.40ന് കോഴിക്കോട്ടുനിന്ന് എടുക്കുന്ന ബസ് കൊണ്ടോട്ടി ഭാഗത്ത് എത്തുമ്പോഴാണ് മഗ്‌രീബ് ബാങ്കിന്റെ സമയമാവുക. ബാങ്ക് വിളിച്ചാല്‍ ഇഫ്താര്‍ കിറ്റുകള്‍ ഓരോന്നും ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നല്‍കും. യാത്രക്കാരും ജീവനക്കാരും ഒരുമിച്ചാണ് നോമ്പ് തുറക്കുന്നത്. ഒരു ദിവസത്തെ ഇഫ്താറിന് 60 ഓളം കിറ്റുകള്‍ വേണം. ഉച്ച വിശ്രമത്തിനായി വണ്ടി മേലാറ്റൂരില്‍ നിര്‍ത്തുമ്പോള്‍ ജീവനക്കാര്‍ തന്നെയാണ് ഇവ പാക്ക് ചെയ്യുന്നത്. വിദേശത്തുള്ള ഫിറോസ് അലിയുടെ നിര്‍ദേശമനുസരിച്ച് യാത്രക്കാര്‍ക്ക് വേണ്ടതെല്ലാം ഒരുക്കി നല്‍കുകയാണ് ജീവനക്കാരായ ഷറഫുദ്ദീന്‍, അനസ്, ഉസ്മാന്‍, ഷൗക്കത്ത് എന്നിവര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ബസ് നിരവധി തവണ സര്‍വീസ് നടത്തിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
'ഏതുനിമിഷവും മുന്നിലേക്ക് ചാടിയേക്കാം, കൂടുതലും ചെറുറോഡുകളില്‍'; തെരുവുനായകളെ കുറിച്ച് എംവിഡി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam