മാസങ്ങളോളം വലവിരിച്ച് പൊലീസ്; കോഴിക്കോട് നഗരത്തിൽ മാലപൊട്ടിക്കൽ പതിവാക്കിയ സംഘം പിടിയിൽ

Published : Dec 06, 2020, 04:57 PM IST
മാസങ്ങളോളം വലവിരിച്ച് പൊലീസ്; കോഴിക്കോട് നഗരത്തിൽ മാലപൊട്ടിക്കൽ പതിവാക്കിയ സംഘം പിടിയിൽ

Synopsis

കഴിഞ്ഞ നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കൽ സംഭവത്തിന് പിന്നിലെ സംഘം പിടിയിൽ

കോഴിക്കോട്: കഴിഞ്ഞ നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കൽ സംഭവത്തിന് പിന്നിലെ സംഘം പിടിയിൽ. കോഴിക്കോട് സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസ് ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസ് ഇൻസ്പെക്ടർ ബിശ്വാസും ചേർന്നാണ് ഇവരെ പിടിക്കൂടിയത്.

നൂറോളം മോഷണക്കേസുകളിൽ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്ദുൾ സലാം എന്ന പുറ്റേക്കാട് സലാം ( 35 ), കൊടുങ്ങല്ലൂർ കുറ്റിക്കാട്ടിൽ വീട്ടിൽ ഷമീർ (21 ),അന്തർ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി ആതിരപ്പള്ളി വെറ്റിലപ്പാറ സ്വദേശി അസിൻ ജോസ് (33 )എന്നിവരാണ് പൊലീസ് പിടിയിലായത്.

നാലഞ്ച് മാസങ്ങളായി നഗരത്തിൽ മോഷണങ്ങളും പിടിച്ചുപറികളും വർധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസ് ചീഫ്  ഡിഐജി എവി ജോർജ്ജിൻ്റെ നിർദ്ദേശപ്രകാരം നോർത്ത് അസിസ്റ്റൻ്റ് കമ്മീഷണർ കെ അഷ്റഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ പിടിച്ചുപറി നടത്തിയ സ്ഥലങ്ങളിലെ ഏറ്റവും അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ എല്ലാ പിടിച്ചുപറികളും നടത്തിയത്  ഒരേ സംഘങ്ങളാളെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ഇവർ മോഷണത്തിന് ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ചായിരുന്നു  അന്വേഷണം. മിക്കവാറും കേസുകളിൽ പഴയ മോഡൽ ഹീറോ ഹോണ്ട സ്പ്ലെണ്ടർ, പൾസർ ബൈക്കുമാണ് ഇവർ ഉപയോഗിക്കുന്നതെന്ന് മനസ്സിലായി. 

തുടർന്ന് കോഴിക്കോടും അയൽ ജില്ലകളിലും മോഷണം പോയതും അല്ലാത്തതുമായ വാഹനങ്ങളെ കേന്ദ്രീകരിച്ചും ഇത്തരം വാഹനങ്ങളിൽ സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയവരെ കുറിച്ചും സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തുന്ന ജയിൽ മോചിതരായ പ്രതികളെ കുറിച്ചുള്ള ഡാറ്റകൾ ശേഖരിച്ചും അന്വേഷണമാരംഭിച്ചു.

ഇരുന്നൂറിലധികം മുൻകുറ്റവാളികളെയും അവരുടെ സമീപ കാലത്തെ ജീവിതരീതികളെ കുറിച്ചും നേരിട്ടും അല്ലാതെയും ശാസ്ത്രീയമായ രീതിയിലും അന്വേഷണം നടത്തിയതിൽ അന്വേഷണ സംഘം അബ്ദുൾ സലാമിലേക്ക് എത്തിച്ചേരുകയും ഇയാളെ നിരീക്ഷിച്ചു വരികയുമായിരുന്നു.

സലാമിൻ്റെ സമീപകാല പ്രവൃത്തികൾ രഹസ്യമായി പിന്തുടർന്ന പൊലീസ് ജയിൽ മോചിതനായ ശേഷം വ്യത്യസ്ത ജില്ലകളിൽ മാറി മാറി വാടക വീട്ടിൽ താമസിച്ചെന്ന് കണ്ടെത്തുകയും സലാമിൻ്റെ നിഴലായി പിൻതുടർന്ന് തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റിക്കടുത്ത് വെച്ച് ബലപ്രയോഗത്തിലൂടെ സാഹസികമായി പിടികൂടുകയായിരുന്നു.

തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ മാല പൊട്ടിക്കാൻ പിൻസീറ്റിൽ ഉണ്ടായിരുന്നത് എർണാകുളത്ത് ഭണ്ഡാര മോഷണക്കേസുകളിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള കൊടുങ്ങല്ലൂർ സ്വദേശി ഷമീർ ആണെന്ന് മനസ്സിലാക്കുകയും പോലീസ് ഇയാളെ കോഴിക്കോട് എയർപോർട്ടിനടുത്തുള്ള സലാമിൻ്റെ വാടകവീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ബൈക്ക് മോഷണത്തിനും സ്വർണ്ണം വിറ്റു നൽകുന്നതിനും സൗകര്യം ചെയ്തു കൊടുത്ത ചാലക്കുടി സ്വദേശി അസിൻ ജോസിനെ രഹസ്യമായി പിന്തുടർന്ന് ആതിര പ്പള്ളിയിൽ നിന്നും പിടികൂടി കോഴിക്കോട് എത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പന്തിരങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നത്ത് പാലത്ത് നിന്ന് സ്ത്രീയുടെ കഴുത്തിൽ നിന്ന് പിടിച്ചുപറിച്ച എഴര പവൻ സ്വർണ്ണമാലയും, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അരയിടത്ത് പാലം, മോർച്ചറി റോഡ് എന്നിവടങ്ങളിൽ നിന്നും നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബിലാത്തിക്കുളം, തിരുത്തിയാട്, എരഞ്ഞിപ്പാലം,ജാഫർ ഖാൻ കോളനി,സഹകരണ ഹോസ്പിറ്റലിൻ്റെ പാർക്കിംഗ് ഇടവഴി എന്നിവടങ്ങളിൽ നിന്നും എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട  അത്താണിക്കൽ ഭാഗത്തു നിന്നും മാല പൊട്ടിച്ചത് തങ്ങളാണെന്നു ഇവർ പോലീസിനോട് സമ്മതിച്ചു.  

കോഴിക്കോട് നഗരത്തിലും സമീപപ്രദേശത്തിലും നടന്ന മിക്കവാറും എല്ലാ മാല പൊട്ടിക്കൽ കേസുകളിലും തുമ്പുണ്ടായെന്ന് നോർത്ത് അസിസ്റ്റൻ്റ് കമ്മീഷണർ കെ അഷ്റഫ് പറഞ്ഞു. കൂടാതെ വളാഞ്ചേരി എടപ്പാൾ ഭാഗത്ത് നിന്നും രണ്ട് മിനി ലോറികൾ മോഷ്ടിച്ചതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

നടക്കാവ് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ മാരായ എസ്ബി കൈലാസ് നാഥ്, വി ദിനേശൻ കുമാർ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഓ മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, എം ഷാലു  ഷഹീർ പെരുമണ്ണ,എ വി സുമേഷ്, ശ്രീജിത്ത് പടിയാത്ത്, എം മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്