വല്ലഭന്റെ നീളന്‍ കൊമ്പ് പ്രശ്‌നത്തിന് പരിഹാരമായി; ഇനി നില്‍ക്കാം, കിടക്കാം

By Web TeamFirst Published Dec 5, 2020, 11:00 PM IST
Highlights

ആനയുടെ കൊമ്പിന്റെ നീളം കാരണം തീറ്റ എടുക്കുന്നതിനും  ആനക്ക് കിടക്കുന്നതിനും ഉള്‍പ്പടെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
 

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച         തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു നീക്കിയ ശേഷം രാകി ക്രമപപ്പെടുത്തി. ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും. കാട്ടാനകള്‍ പാറയിലും മറ്റും ഉരച്ചാണു കൊമ്പുകള്‍ വളര്‍ന്നു ബുദ്ധിമുട്ടാകുമ്പോള്‍ സ്വയം ക്രമപ്പെടുത്തുന്നത്. വല്ലഭനു 2012 ലും 2015 ലും കൊമ്പ് മുറിച്ചിരുന്നു. 

വനം വകുപ്പിന്റെയും ദേവസ്വം ജീവനക്കാരുടെയും നേതൃത്വത്തില്‍ ചിപ്പ് സ്‌കാന്‍ ചെയ്ത ശേഷം കൊമ്പിന്റെ അളവെടുത്തു രേഖയാക്കിയ ശേഷമായിരുന്നു നടപടി. ആനയുടെ കൊമ്പിന്റെ നീളം കാരണം തീറ്റ എടുക്കുന്നതിനും  ആനക്ക് കിടക്കുന്നതിനും ഉള്‍പ്പടെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ നടപടികള്‍ വേഗത്തിലായി. കൊമ്പ് മുറിക്കാന്‍ വനം വകുപ്പ് അനുമതിയും നല്‍കി. എന്നാല്‍ കഴിഞ്ഞ ആഴ്ച കൊമ്പ് മുറിക്കാന്‍ എല്ലാ സന്നാഹങ്ങളും ഒരുങ്ങിയപ്പോള്‍ വനം വകുപ്പ് ഓഫീസര്‍ ദിവ്യ എസ് റോസ് കൊമ്പ് മുറിച്ച ശേഷം രാകി ക്രമപ്പെടുത്തണം എന്ന ആവശ്യത്തെ നിരാകരിച്ചു. ഇതു ആനപ്രേമികള്‍ ഉള്‍പ്പെടെയുള്ളവരുടെ തര്‍ക്കത്തിനും മറ്റും കാരണമായിരുന്നു.



വല്ലഭന്റെ നീളമേറിയ കൊമ്പ് അധികൃതര്‍ മുറിച്ച് മാറ്റി ക്രമപ്പെടുത്തുന്നു

ഉത്തരവില്‍ ക്രമപ്പെടുത്തുക എന്നാല്‍ വട്ടത്തില്‍ മുറിച്ചു നിറുത്തുക എന്നാണ് ഉദ്ദേശിക്കുന്നത് എന്നും എന്നാല്‍ കാലങ്ങളായി ഇത്തരത്തില്‍ മുറിച്ച ശേഷം പാപ്പാന്മാര്‍ക്കും റോഡിലൂടെ പോകുമ്പോള്‍ പൊതു ജനത്തിനും അപകടം ഉണ്ടാകാതിരിക്കാന്‍ മുറിച്ച ശേഷം ഇവര്‍ രാകി ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നും ദേവസ്വം അധികൃതരും ആനപ്രേമികളും ക്ഷേത്ര  കമ്മിറ്റി അംഗങ്ങളും പറഞ്ഞു. എന്നാല്‍ ഇതിന് പ്രത്യേക അനുമതി വേണമെന്ന് കടുത്ത നിലപാട് വനം വകുപ്പ് സ്വീകരിച്ചതോടെ വല്ലഭന്റെ പ്രയാസം ഇനിയും തുടരും എന്ന ഘട്ടത്തിലായി. 

ഒടുവില്‍ വീണ്ടും അപേക്ഷ നല്‍കി പരമ്പരാഗത രീതിയില്‍ തന്നെ മുറിച്ചാല്‍ മതി എന്ന് ദേവസ്വം തീരുമാനിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇതിനു അനുമതി ലഭിച്ചത്.എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയതോടെ വെറ്റിനറി ഡോക്റ്റര്‍ തിരികെ പോയതോടെ വീണ്ടും ആശയകുഴപ്പമായി. വനം വകുപ്പ് ഉദ്യോഗസ്ഥ എത്തി എങ്കിലും ഡോക്റ്റര്‍ വന്നാല്‍ മാത്രമേ കൊമ്പ് മുറിക്കാന്‍ കഴിയൂ എന്ന് ജീവനക്കാര്‍ പറഞ്ഞതോടെ വീണ്ടും കൊമ്പ് മുറിക്കല്‍ നീളുമോ എന്ന ആശങ്ക ആനപ്രേമികള്‍ക്കിടയില്‍ ഉണ്ടായി.

അതേ സമയം ഡോക്റ്റര്‍ തിരികെയെത്തി പരിശോധന നടത്തിയ ശേഷം കൊമ്പ് മുറിക്കാന്‍ അനുമതി നല്‍കി. മൂന്നു മണിക്കൂറോളം സമയം എടുത്തു  102 സെന്റീമേറ്റര്‍ നീളം ഉണ്ടായിരുന്ന ഇടത് കൊമ്പ് രണ്ടു കഷ്ണങ്ങള്‍ ആയും 100 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്ന വലതു കൊമ്പ് ഒരു കഷ്ണമായും  63 സെന്റീമീറ്റര്‍, 61 സെന്റീമീറ്റര്‍, നിലനിര്ത്തി മുറിച്ചു നീക്കി. ഇടക്കിടെ വല്ലഭന്‍ അസ്വസ്ഥത പ്രകടിപ്പിച്ചു എങ്കിലും പാപ്പാന്‍ ബിജുവിന്റെ സ്നേഹോഷ്മളമായ സാന്ത്വനപ്പെടുത്താലും ലാളനയും വല്ലഭന്‍ അനുസരണയുള്ള കുട്ടിയായി കൊമ്പ് മുറിക്കാന്‍ സഹകരിച്ചു.

മുറിച്ചു നീക്കിയ മൂന്നു കഷ്ണങ്ങളും 400 ഗ്രാമോളം ചെറു കഷ്ണങ്ങളും പൊടിയും ഉള്‍പ്പടെ രജിസ്റ്ററില്‍ രേഖപ്പെടുത്തി വനം വകുപ്പ് കൊണ്ടു പോയി.
 

click me!