റോഡിന്‍റെ ഒത്ത നടുക്ക് വൈദ്യുതി പോസ്റ്റ്! 'പുത്തൻ ടാറിങ്' വൈറലായതോടെ കെഎസ്ഇബിയെ സമീപിക്കാൻ പഞ്ചായത്ത്

Published : Nov 05, 2025, 11:34 AM IST
electric post

Synopsis

പുത്തൻ ടാറിങ് രീതി സമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കെഎസ്ഇബിക്ക് പരാതി നൽകാനൊരുങ്ങുകയാണ് പഞ്ചായത്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 13 കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡ് ടാർ ചെയ്യുന്നത്.

തിരുവനന്തപുരം: ടാറിങ് പൂർത്തിയായതോടെ വൈറലായിരിക്കുകയാണ് കല്ലറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന നന്ദിയോട്-മുതുവിള റോഡ്. റോഡിന്റെ നടുക്കുതന്നെ വൈദ്യുതി പോസ്റ്റ് നിലനിർത്തിക്കൊണ്ടാണ് പൊതുമരാമത്ത് ഈ റോഡ് ടാർചെയ്തു പോയിരിക്കുന്നത്. പുത്തൻ ടാറിങ് രീതി സമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കെഎസ്ഇബിക്ക് പരാതി നൽകാനൊരുങ്ങുകയാണ് പഞ്ചായത്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 13 കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡ് ടാർ ചെയ്യുന്നത്. ഒരു കിലോമീറ്ററിന് 1.35 കോടിയാണ് നിർമാണച്ചെലവ്. നന്ദിയോടുമുതൽ പാലവള്ളിവരെയും, പേരയം- വിശ്വപുരം-ചെല്ലഞ്ചി-പരപ്പിൽ-മുതുവിള വരെയുമാണ് റോഡ് നിർമിക്കുന്നത്. റോഡുനിർമാണം അവസാന ഘട്ടത്തിലാണ്. ഇതിൽ ചെല്ലഞ്ചി പാലം മുതൽ പരപ്പിൽ വരെയുള്ള റോഡിലാണ് പോസ്റ്റുകൾ നിലനിർത്തി റോഡ് ടാർചെയ്തിരിക്കുന്നത്. അഞ്ചരമീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്.

മൂന്നരമീറ്റർ വീതിപോലും റോഡിനില്ല

എന്നാൽ, ഈ ഭാഗങ്ങളിൽ തൂണുകൾ നിൽക്കുന്നതിനാൽ മൂന്നരമീറ്റർ വീതിപോലും റോഡിനില്ല.  റോഡിൻ്റെ വലതുഭാഗത്ത് കുഴിയാണെങ്കിലും സംരക്ഷണവേലിയും ഇല്ലെന്നതും വെല്ലുവിളിയാണ്. രാത്രികാലങ്ങളിൽ വരുന്ന വലിയ വാഹനങ്ങൾ പെട്ടെന്ന് നടുറോഡിലെ പോസ്റ്റ് കണ്ട് വാഹനം തിരിച്ചാൽ താഴെ കുഴിയിൽവീണ് വലിയ ദുരന്തങ്ങളുണ്ടാകാനുള്ള സാധ്യതയും വലുതാണെന്ന് നാട്ടുകാർ പറയുന്നു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ നിർമാണക്കമ്പനി കല്ലറ ഗ്രാമപ്പഞ്ചായത്തിന് കത്തു നൽകിയിരുന്നു. എന്നാൽ, കമ്പനിക്കാണ് ഇതിനുള്ള ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് കയ്യൊഴിഞ്ഞു. ഒടുവിൽ റോഡ് അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് പഞ്ചായത്ത് അംഗങ്ങളടക്കം ചൂണ്ടിക്കാട്ടിയതോടെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബിയെ സമീപിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു