
കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടു മാസം പ്രായമായ ആമിഷ് അലനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നല്‍കിയത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി, എന്നാൽ പോസ്റ്റ്മോർട്ടത്തിൽ മുങ്ങി മരണമാണെന്ന് തെളിഞ്ഞതോടെ പൊലീസ് കുഞ്ഞിന്റെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. മുബഷിറയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. മുബഷിറക്ക് പ്രസവാനന്തര മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. വൈദ്യ പരിശോധനക്ക് ശേഷം മുബഷീറയെ കോടതിയിൽ ഹാജരാക്കും.