ഭൂരഹിതര്‍ക്കും തൊഴില്‍രഹിതര്‍ക്കും വേണ്ടി പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

By Web TeamFirst Published Feb 15, 2019, 1:21 AM IST
Highlights

400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളായിരിക്കും നിര്‍മ്മിക്കുക. 4,75,000 രൂപയായിരിക്കും ഓരോ വീടിന്റെയും നിര്‍മ്മാണത്തിന് വിനിയോഗിക്കുക. ഇതില്‍ 75,000 രൂപ അമേരിക്ക ആസ്ഥാനമായി ഫൊക്കാനയുടെ സഹകരണത്തോടെ നല്‍കുന്നതാണ്. 

ഇടുക്കി: മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികളായ ഭൂരഹിതര്‍ക്കും തൊഴില്‍രഹിതരെയും ഉദ്ദേശിച്ച് മൂന്നാറില്‍ പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 100 പേര്‍ക്ക് വീട് വച്ച് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  മന്ത്രി എം എം മണി ചടങ്ങില്‍ സംമ്പന്ധിച്ചു.

ഇതിന്റെ ഭാഗമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ഭവനം ഫൗണ്ടേഷന്‍ കേരളയുടെ കീഴില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 100 വീടുകളുടെ നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കുട്ടിയാര്‍വാലിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തുടര്‍ന്ന് മൂന്നാര്‍ ടൗണില്‍ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടന്നു. തോട്ടം മേഖല താങ്ങി നിര്‍ത്തുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വലിയ ശ്രമങ്ങളാണ് നടന്നു വരുന്നത്. ആയിരം നാളുകള്‍ ആയിരം പദ്ധതികള്‍ എന്ന രീതിയിലാണ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍. കേരളത്തിലുടനീളം തൊഴില്‍ വകുപ്പ് നടത്തിയ സര്‍വ്വേയില്‍ പ്ലാന്റേഷന്‍ മേഖലയില്‍ 32,400 ഓളം പേരാണ് ഭവനരഹിതരായിട്ടുണ്ട്. ഇതില്‍ 19,500 പേരാണ് ഇടുക്കി ജില്ലയിലുള്ളത്. 

ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 100 വീടുകളില്‍ 15 പേര്‍ക്കുള്ള വീട് നിര്‍മ്മാണത്തിനുള്ള സഹായധനത്തിന്റെ ആദ്യഗഡു ചടങ്ങില്‍ വച്ച് മന്ത്രി വിതരണം ചെയ്തു. 45 ദിവസങ്ങള്‍ക്കുള്ളില്‍ 15 വീടുകളുടെ പണി പൂര്‍ത്തീകരിക്കും. 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളായിരിക്കും നിര്‍മ്മിക്കുക. 4,75,000 രൂപയായിരിക്കും ഓരോ വീടിന്റെയും നിര്‍മ്മാണത്തിന് വിനിയോഗിക്കുക. ഇതില്‍ 75,000 രൂപ അമേരിക്ക ആസ്ഥാനമായി ഫൊക്കാനയുടെ സഹകരണത്തോടെ നല്‍കുന്നതാണ്. 

ഇതോടൊപ്പം മൂന്നാര്‍ ലേബര്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു. മൂന്നാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസ്, അസിസ്റ്റന്‍റ് ലേബര്‍ ഓഫീസ്, ഇന്‍സ്പ്കെടര്‍ ഓഫ് പ്ലാന്റേഷന്‍ എന്ന ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ നിര്‍മ്മിക്കുന്നതാണിവ. 8000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായിട്ടായിരിക്കും ഇതിന്റെ നിര്‍മ്മാണം. 

ഇടുക്കിയ്ക്ക് വികസന കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഇടുക്കി പാക്കേജിലൂടെ വലിയ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. വയനാടിന്റെ വികസനത്തിനായി കാപ്പി ഒരു പ്രത്യേക ബ്രാന്‍ഡായി അവതരിപ്പിച്ചത് പോലെ ഇടുക്കി ബ്രാന്‍ഡിംഗ് തേയിലയെ ഉപയോഗിക്കും. തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന രീതിയില്‍ സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടു വരും. 

പ്ലാന്റേഷന്‍ നികുതി, കാര്‍ഷിക നികുതി എന്നിവ ഒഴിവാക്കും. തോട്ടം മേഖലയെ പ്ലാന്റേഷന്റെ പ്രത്യേക ഡയറക്ടറേറ്റിന്റെ കീഴില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനോടൊപ്പം തോട്ടം ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. 

click me!