
തൃശൂര്‍: വടക്കുനാഥക്ഷേത്രത്തിലെ ആനയൂട്ടിനെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പാമ്പാടി രാജന്‍ തുടങ്ങി കേരളത്തിലെ തലയെടുപ്പുള്ള ആനകള്‍. കര്‍ക്കിടകം ഒന്നിന് ക്ഷേത്രത്തില്‍ നടക്കുന്ന ആനയൂട്ടിന് എത്തിയ കൊമ്പന്‍മാര്‍ വടക്കുനാഥക്ഷേത്രത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച കാണാനായി നിരവധിപ്പേരാണ് എത്തിയത്. ആനവയറ് നിറയെ ഭക്തരും കമ്മറ്റിക്കാരും ഊട്ടി.
കര്‍ക്കിടക മാസത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. 41-ാമത് വര്‍ഷമാണ് വടക്കുന്നാഥനിലെ ആനയൂട്ട് നടക്കുന്നത്. ഈ വര്‍ഷം 70 ഓളം ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്. കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നും ആനകള്‍ ചടങ്ങിന്‍റെ ഭാഗമായി. രാവിലെ 9.30നാണ് ആനയൂട്ട് ആരംഭിച്ചത്. ക്ഷേത്രം മേല്‍ശാന്തി അണിമംഗലം രാമന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ ആനയൂട്ട് വടക്കുന്നാഥ ക്ഷേത്രത്തിലാണ് ആരംഭിച്ചത്.
അന്നത്തെ യുവജന കൂട്ടായ്മയായ യുവജന കര്‍മസമിതി ആണ് ആനയൂട്ട് ആരംഭിച്ചത്. 10008 നാളികേരം, 2000 കിലോ വെല്ലം, 1500 കിലോ അവില്‍, 250 കിലോ മലര്‍, 100 കിലോ എള്ള്, 75 കിലോ തേന്‍, കരിമ്പ്, ഗണപതി നാരങ്ങ തുടങ്ങിയവയാണ് ആനയൂട്ടിന് ഉപയോഗിക്കുന്നത്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആണ് മഹാഗണപതി ഹോമം.
50 ഓളം തിരുമേനിമാര്‍ സഹകാര്‍മികത്വം വഹിക്കും. 1 കോടി രൂപക്കാണ് ആനയൂട്ട് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അന്നദാന മണ്ഡപത്തില്‍ 7000 പേര്‍ക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam