'മുളപോളില്‍' ചാടിയ അഭിനവിന് മന്ത്രിയുടെ വക പോള്‍; പത്താംക്ലാസുകാരന്‍ തിരുവനന്തപുരത്ത് മത്സരിക്കുക സ്വന്തം പോളുമായി

Published : Oct 22, 2025, 12:45 PM IST
Abhinav

Synopsis

വയനാട് ജില്ലാ സ്കൂൾ കായികമേളയിൽ മുള ഉപയോഗിച്ച് പോൾവോൾട്ടിൽ ഒന്നാമതെത്തിയ അഭിനവിന്, സംസ്ഥാനതല മത്സരത്തിനായി മന്ത്രി ഒ.ആർ. കേളു പുതിയ പോൾ സമ്മാനിച്ചു. 

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം സമാപിച്ച വയനാട് ജില്ല സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ പോള്‍വോള്‍ട്ടില്‍ പോളിന് പകരം മുള ഉപയോഗിച്ച് വലിയ ഉയരം ചാടി ഒന്നാമതെത്തിയ പത്താംക്ലാസുകാരന്‍ അഭിനവിന് ഇനി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വന്തം പോളുമായി മത്സരിക്കാം. മന്ത്രി ഒആര്‍ കേളുവിന്റെ വകയായി താരത്തിന് പുതിയ പോള്‍ സമ്മാനിച്ചാണ് തലസ്ഥാനത്തേക്ക് യാത്രയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വയനാട് ജില്ല കായികമേളയില്‍ മുള കൊണ്ട് പോള്‍ ഉണ്ടാക്കി പോള്‍വോള്‍ട്ട് മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിനവിന് മന്ത്രി പോള്‍ വാള്‍ട്ട് സമ്മാനിച്ചത്.

മുള ഉപയോഗിച്ച് ശക്തരായ എതിരാളികളെയെല്ലാം ഏറെ പിന്നിലാക്കിയ അഭിനവിന്റെ കഥ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് താരത്തിന് താന്‍ പോള്‍വോള്‍ട്ട് വാങ്ങിനല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രിയുടെ പോളിന് കാത്തുനില്‍ക്കാതെ തന്നെ അഭിനവ് സംസ്ഥാന കായികമേളയിലും മുള പോളാക്കാന്‍ ആദ്യം തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പോള്‍ കൈമാറിയത്.

ചെറുപ്പം മുതല്‍ പോള്‍ വാള്‍ട്ട് വീഡിയോകള്‍ കണ്ട് അതില്‍ ആകൃഷ്ടനായി ബലമുള്ള മുളങ്കമ്പുകള്‍ പോള്‍ ആക്കി ചാടി പരിശീലിക്കുകയെന്നതായിരുന്നു അഭിനവിന്റെ ഹോബി. വിവിധ കായിക ഇനങ്ങളില്‍ അഭിനവ് മത്സരിച്ചിരുന്നെങ്കിലും പോള്‍ വാള്‍ട്ടാണ് തന്റെ മേഖലയെന്ന് താരം തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോച്ച് സജിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു പരിശീലം.

ജില്ല തലത്തില്‍ മത്സരിക്കാന്‍ പോള്‍ ഇല്ലാതെ വന്നപ്പോള്‍ സജിയും അഭിനവും സ്‌കൂളിന് പരിസരത്തുനിന്ന് മുള വെട്ടി പോള്‍ തയ്യാറാക്കിയായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. അഭിനവ് മികച്ച വിജയത്തിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ കോച്ച് സജിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങളും പരിശീലന രീതികളും ഏറെ പ്രശംസ നേടി. കുട്ടിയുടെ കായികവും മാനസികവുമായ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രത്യേക പരിശീലന പദ്ധതികള്‍ തയ്യാറാക്കിയാണ് സജി അഭിനവിനെ വിജയ തീരത്തേക്ക് അടുപ്പിച്ചത്.

പോള്‍ വാള്‍ട്ടാണ് തന്റെ ഇനമെന്നു തിരിച്ചറിഞ്ഞതും ആദ്യമായി മത്സരിക്കാന്‍ പ്രോത്സാഹനം നല്‍കിയതും കോച്ച് സജിയാണെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്നും അഭിനവ് പറഞ്ഞു. ഇത്തവണ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന സെലക്ഷനും നേടിയ അഭിനവിന് കഴിഞ്ഞ സംസ്ഥാന കായികോത്സവത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കാനായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്നെത്തിയ താരത്തില്‍ നിന്ന് പോള്‍ വാങ്ങി മത്സരിച്ചാണ് അഭിനവ് നാലാം സ്ഥാനത്ത് എത്തിയത് എന്നത് എടുത്തുപറയേണ്ടതാണ്. പോള്‍ വാള്‍ട്ട് നാഷണല്‍ ചാമ്പ്യനാകുക എന്നതാണ് മാനന്തവാടി ജിവിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവിന്റെ ലക്ഷ്യം.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്