
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി എബിവിപി. ഉച്ചയ്ക്ക് കോളേജിനുള്ളിൽ കപ്പ പുഴുങ്ങി പ്രിൻസിപ്പലടക്കമുള്ള അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തായിരുന്നു എബിവിപിയുടെ പ്രതിഷേധം. എബിവിപി യൂണിറ്റിലെ വിദ്യാര്‍ത്ഥികൾ 20 കിലോ കപ്പയാണ് വളപ്പിനുള്ളിൽ വേവിച്ച് തൈരും കാന്താരിയും ചേർത്ത് കറിയാക്കി വിതരണം ചെയ്തത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 21 നൽകുന്ന മൗലിക അവകാശമാണ് വൃത്തിയുള്ള ഭക്ഷണമെന്നും ഭാരതീയ നിയമസംഹിത 225 പ്രകാരം കേസെടുക്കണമെന്നുമുള്ള പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധ പരിപാടി എബിവിപി ജില്ലാ അധ്യക്ഷൻ അരുൺ മോഹൻ ഉത്ഘാടനം ചെയ്തു. ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കുട്ടികയും വിദ്യാർത്ഥികളുമടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുക്കുമെന്നും ഹോസ്റ്റലിലെ ഭക്ഷണവുമായി ബന്ധപെട്ട പരാതികൾ നിക്ഷേപിക്കാൻ പ്രത്യേക ബോക്സ് സ്ഥാപിക്കുമെന്നും കൂടിക്കാഴ്ചയിൽ പ്രിൻസിപ്പൽ ഉറപ്പുനൽകിയതായി എബിവിപി അറിയിച്ചു.
മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നായിരുന്നു പുഴുവിനെ കിട്ടിയത്. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പല തവണയായി ഇത് ആവർത്തിക്കുകയാണെന്ന് വിദ്യാര്‍ത്ഥികൾ ആരോപിച്ചിരുന്നു. മുമ്പും സ്ഥിരമായി ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണ്. ഇത് സ്ഥിരമാണല്ലോ എന്നാണ് സമീപത്തെ ആശുപത്രി അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഫീസിനത്തിൽ വലിയ തുകയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും ഈടാക്കുന്നതെന്നിരിക്കെയാണ് പുഴുവുളള മോശം ഭക്ഷണം കഴിക്കേണ്ടി വരുന്നതെന്നും വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam