
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് ചേക്കേറാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ 1.07 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സംസ്ഥാന ഉപഭോക്തൃ കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി സ്വകാര്യ ഐഇഎൽറ്റിഎസ് (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) പരീക്ഷാ കേന്ദ്രത്തിനെതിരേ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. കോഴ്‌സ് ഫീസായ 92,180 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരമായി 15,000 രൂപ നല്‍കാനുമാണ് ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റ് എസ്. പ്രിയ, കമ്മീഷന്‍ അംഗം വി. ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്ന സ്ഥാപനത്തിലെ കോഴിക്കോട്ടെ സെന്ററിലാണ് വിദ്യാര്‍ത്ഥിനി പരിശീലനത്തിനായി ചേര്‍ന്നിരുന്നത്. എന്നാല്‍ യോഗ്യതക്കാവശ്യമായ കട്ട്ഓഫ് മാര്‍ക്ക് നേടാന്‍ വിദ്യാര്‍ത്ഥിനിക്ക് സാധിച്ചില്ല. സിലബസ് പ്രകാരമുള്ള ക്ലാസുകള്‍ പോലും സ്ഥാപനത്തില്‍ നിന്നും കൃത്യമായി ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥി കമ്മീഷന് നല്‍കിയ പരാതിയല്‍ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരനും മാങ്കാവ് സ്വദേശിയുമായ ആള്‍ പരിചയപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടി കോഴ്‌സിന് ചേര്‍ന്നത്. കാനഡയില്‍ വിദ്യാഭ്യാസം നേടാനുള്ള എല്ലാ അവസരങ്ങളും വാഗ്ദാനം ചെയ്ത ഇയാള്‍ അത് സാധ്യമായില്ലെങ്കില്‍ മുഴുവന്‍ ഫീസും തിരിച്ചു നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. ആവശ്യമായ ക്ലാസുകളും സേവനങ്ങളും നല്‍കുന്നതില്‍ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam