
ആലപ്പുഴ: അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു. അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളാണ് ക്ലാസ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
2008 നവംബര്‍ 17 നാണ് വിദ്യാര്‍ത്ഥിനികളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയായിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ സ്കൂള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരും വിഷം കഴിച്ചാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ആലപ്പുഴ ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കുട്ടികളുടെ കൂട്ട ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. ഇതോടെ കേസ് ക്രൈംബ്രാഞ്ച് ഡിറ്റാച്ച്മെന്‍റെ് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേരെ ചോദ്യം ചെയ്ത കേസില്‍ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികളെന്ന് ക്രൈംബ്രഞ്ച് കണ്ടെത്തിയത്.
2008 നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ബലാത്സംഗ രംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ പ്രതികളെ വെറുതെ വിട്ടുകയായിരുന്നു. ലോക്കല്‍ പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികള്‍ക്ക് തുണയായതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ പലതും ശേഖരിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞില്ല. പീഡനരംഗം ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam