യുവതിയുടെ നെറ്റിയിൽ ഇടിച്ച് പരിക്കേല്‍പ്പിച്ചു, 'പുറത്ത് കണ്ടാൽ ബ്ലേഡ് കൊണ്ട് വരയുമെന്ന്' ഭീഷണിയും; സ്ഥിരം കുറ്റവാളി പിടിയിൽ

Published : Sep 25, 2025, 09:18 PM IST
POLICE ARREST

Synopsis

കോഴിക്കോട് പി ടി ഉഷ റോഡിൽ വെച്ച് യുവതിയെ തടഞ്ഞുനിർത്തി നെറ്റിയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും ബ്ലേഡ് ഉപയോഗിച്ച് വരയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: യുവതിയെ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പിടികൂടി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഷഹന്‍ഷാ മന്‍സിലില്‍ ഷഹന്‍ഷാ(38)യെ ആണ് വെള്ളയില്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏഴാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പി ടി ഉഷ റോഡില്‍ വെച്ച് നടക്കാവ് സ്വദേശിനിയായ യുവതിയെ തടഞ്ഞ് നിര്‍ത്തുകയും നെറ്റിയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശേഷം 'ഇനി പുറത്തിറങ്ങുന്നത് കണ്ടാല്‍ ബ്ലേഡ് ഉപയോഗിച്ച് വരയുമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ ബീച്ചാശുപത്രി പരിസരത്ത് വെച്ച് മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇയാള്‍ ഡാന്‍സാഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് യുവതിയെ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഷഹന്‍ഷയെ റിമാൻഡ് ചെയ്തു.

ചെങ്ങന്നൂരിൽ 31 വർഷത്തിന്‌ ശേഷം പ്രതിയുമായി തെളിവെടുപ്പ്

അതിനിടെ ചെങ്ങന്നൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കൊലപാതകം നടന്ന് 31 വർഷത്തിന്‌ ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തി എന്നതാണ്. ചെറിയനാട് അരിയന്നൂർ ചെന്നങ്കോടത്ത്‌ വീട്ടിൽ കുട്ടപ്പണിക്കരെ (71) മർദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെയാണ്‌ (57) ചെങ്ങന്നൂർ സി ഐ എ സി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന്‌ ചെറിയനാട് എത്തിച്ചത്. 1994 നവംബർ 15 ന് രാത്രി എഴോടെയായിരുന്നു കൊലപാതകം. ജയപ്രകാശിന്റെ അച്ഛനെതിരെ അപകീർത്തികരമായി സംസാരിച്ചെന്ന്‌ ആരോപിച്ചാണ്‌ ഇയാൾ കുട്ടപ്പ പണിക്കരെ കല്ലുകൊണ്ട് മർദിച്ചത്‌. സംഭവത്തിനുശേഷം പിറ്റേന്ന് ഇയാൾ മുംബൈക്ക്‌ പോയി. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 1994 ഡിസംബർ 15ന് കുട്ടപ്പപ്പണിക്കർ മരിച്ചു.

വർഷങ്ങളോളം പിടികിട്ടാപ്പുള്ളി

കുട്ടപ്പപ്പണിക്കർ മരിച്ചതറിഞ്ഞ് ജയപ്രകാശ്‌ സൗദിയിലെ തന്റെ ജോലി സ്ഥലത്തേക്ക് മടങ്ങി. 1999 ൽ കോടതി ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിന്‌ ശേഷം കാസർകോഡ് സ്വദേശി എന്ന വ്യാജേന ചെന്നിത്തലയിൽ നിന്ന് ഇയാൾ വിവാഹം കഴിച്ചു. തുടർന്ന് എല്ലാ വർഷവും അവധിക്ക്‌ ജയപ്രകാശ് ചെന്നിത്തലയിൽ എത്തിയിരുന്നെങ്കിലും ഭാര്യ വീടിന്റെ വിലാസത്തിൽ പാസ്‌പോർട്ട് പുതുക്കിയിരുന്നതിനാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി വൈ എസ്‌ പി പി ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെപ്‌തംബർ രണ്ടിന് നാട്ടിലെത്തിയ പ്രതിയെ ചെന്നിത്തല ഭാര്യവീടിന്‌ സമീപത്തുനിന്ന്‌ പിടികൂടിയത്. തെളിവെടുപ്പിന്‌ എത്തിച്ച ജയപ്രകാശ് അരിയന്നൂർശേരി പി ഐ പി കനാൽ ബണ്ടിന്‌ സമീപം സംഭവസ്ഥലം പൊലീസിന്‌ കാണിച്ചുകൊടുത്തു. എസ് ഐ എസ് പ്രദീപ്, സി പി ഒമാരായ ബിജോഷ്‌കുമാർ, വിബിൻ കെ ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ