
തിരുവനന്തപുരം: നോർക്കയുടെ വ്യാജ സീൽ നിർമിച്ച് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് നോർക്കയുടെ തന്നെ തിരുവനന്തപുരം ഓഫീസിൽ ഹാജരാക്കിയ സംഭവത്തിൽ പ്രതികളിലൊരാൾ കൂടി അറസ്റ്റിൽ. സിനിമാ പ്രവർത്തകനായ പള്ളിക്കൽ കാട്ടുപുതുശേരി മൂന്നാംകല്ല് സ്വദേശി അനസിനെ(37) യാണ് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. നോർക്കയുടെ എറണാകുളം സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ സെന്‍ററിലെ ഓതെന്‍റിക്കേഷൻ ഓഫീസറുടെ സീലും ഒപ്പും വ്യാജമായി നിർമ്മിച്ച് അത് പതിച്ച ബി-ടെക് സർട്ടിഫിക്കറ്റ് നോർക്കയുടെ തന്നെ തിരുവനന്തപുരം ഓഫീസിൽ ഹാജരാക്കിയതാണ് പിടിക്കപ്പെട്ടത്.
ഹാജരാക്കിയ ബി-ടെക് സർട്ടിഫിക്കറ്റും വ്യാജമായി തയാറാക്കിയതായിരുന്നു. യുഎഇ എംബസി അറ്റസ്റ്റ് ചെയ്യുന്നതിനായാണ് ഇങ്ങനെ തയാറാക്കിയ സർട്ടിഫിക്കറ്റ് തൈക്കാട് നോർക്ക ഓഫീസിൽ തന്നെ സമർപ്പിച്ചത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സീലും ഒപ്പും വ്യാജമാണെന്ന് കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി അടൂർ സ്വദേശി പ്രവീണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രവീണിന് വേണ്ടിയാണ് അനസ് വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കിയത്. കേരള സർവകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള സർട്ടിഫിക്കറ്റുകളും ഇയാൾ വ്യാജമായി തയാറാക്കി നൽകിയെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തപ്പോൾ വ്യജ ബിടെക് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകാൻ പണം കൈമാറിയത് ആയൂർ സ്വദേശിയായ യുവതിക്കാണെന്ന് അറിഞ്ഞു. ഇവർക്കായും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...