വെഞ്ഞാറമൂടിലെ ക്ഷേത്ര മോഷണക്കേസിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം തുമ്പായി, പിടികിട്ടാപ്പുള്ളിയായ പ്രതി അറസ്റ്റിൽ

By Web TeamFirst Published Aug 17, 2021, 7:45 PM IST
Highlights

വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ൽ നടന്ന ക്ഷേത്ര മോഷണ കേസ് ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെ മൂന്ന് വർഷങ്ങൾക്ക് ശേഷം തെളിഞ്ഞു. 

തിരുവനന്തപുരം: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ൽ നടന്ന ക്ഷേത്ര മോഷണ കേസ് ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെ മൂന്ന് വർഷങ്ങൾക്ക് ശേഷം തെളിഞ്ഞു. പിടികിട്ടാപ്പുള്ളിയും ഒട്ടനവധി മോഷണ കേസ്സുകളിലെ പ്രതിയുമായ കല്ലറ, വളക്കുഴിപച്ച  ചരുവിളവീട്ടിൽ ബാബു (38) വിനെയാണ് വെഞ്ഞാറമൂട് പോലീസും , ഷാഡോ , ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. 

മേലാറ്റുമൂഴി,കരിങ്കുറ്റികര, കുറ്റിക്കാട്  ക്ഷേത്ര ഓഫീസ് കുത്തിതുറന്ന് ഓഫീസിൽ  സൂക്ഷിച്ചിരുന്ന സ്വർണ്ണ പൊട്ടുകളും , പണവും അപഹരിച്ച പ്രതി ഓഫീസിലെ ഫയലുകളും മറ്റും നശിപ്പിച്ച്  കാണിക്കവഞ്ചിയിലെ പണം കുത്തിത്തുറന്ന് മോഷ്ടിക്കുകയും ചെയ്തിരുന്നു. അന്ന്  വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 

ശാസ്ത്രീയ കുറ്റാന്വേഷണ രീതിയിലൂടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ്, അറസ്റ്റ് ചെയ്തത്. വർക്കല, അയിരൂർ, പാങ്ങോട് ,വെഞ്ഞാറമൂട്  പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണകേസ്സുകളിലെ പ്രതിയായ ഇയാൾ 2012 ൽ വർക്കല ശിവഗിരി മഠം കുത്തിതുറന്ന് മോഷണം നടത്തിയ കേസ്സിലേയും പ്രതിയാണ്. ഈ കേസുകളിലേക്ക്  ഇയാൾക്കെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും നിലവിലുണ്ട്.  ജില്ലക്ക് പുറത്ത് വാടക വീടെടുത്ത് മാറി മാറി താമസിച്ച് ആണ് ഇയാൾ മോഷണങ്ങൾ നടത്തിയിരുന്നത്. 

ഓണക്കാലത്തോടനുബന്ധിച്ച് മോഷണ സംഘങ്ങൾക്കെതിരെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം  ആറ്റിങ്ങൽ ഡിവൈഎസ്പി  ഡിഎസ്സ്  സുനീഷ്ബാബുവിന്റെയും, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംകെ സുൽഫീക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്.

വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ വി സൈജുനാഥിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ എസ് ശ്രീകുമാർ, എസ്.ശ്യാമകുമാരി എസ്സിപിഒ ഷൈജു ബിആർ ഷാഡോ ഡാൻസാഫ് ടീമിലെ എഎസ്ഐ ബി ദിലീപ് സിപിഒ മാരായ അനൂപ് , സുനിൽ രാജ് എന്നിവരുടെ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!