കൊല്ലം ശാസ്താംകോട്ടയിൽ കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തി. റബ്ബർ ടാപ്പിംഗിനെത്തിയ സ്ത്രീയാണ് ഇത് ആദ്യം കണ്ടത്. മൃതദേഹം രണ്ടുമാസമായി കാണാതായ ഇവരുടെ ഭർത്താവിന്റേതാണെന്ന് സംശയിക്കുന്നു.
കൊല്ലം: കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ചാങ്ങയിൽക്കാവ് കെ ഐ പി സബ് കനാലിന് സമീപത്താണ് തലയോട്ടി കണ്ടത്. രാവിലെ റബ്ബർ ടാപ്പിംഗിനെത്തിയ തൊഴിലാളിയായ സ്ത്രീയാണ് തലയോട്ടി ആദ്യം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിസരത്ത് വിശദമായ പരിശോധന നടത്തി. പരിശോധനയിൽ മറ്റു ഭാഗങ്ങൾ കൂടി കണ്ടെത്തി. കനാലിനോടു ചേർന്നുള്ള മരത്തിൽ ഒരാൾ തൂങ്ങി മരിച്ചതിന്റെ സൂചനകൾ ലഭിച്ചു.തിരിച്ചറിയാൻ കഴിയാത്തവിധം ശരീരഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലാണ്. അസ്ഥികൾ മാത്രമാണ് അവശേഷിച്ചിട്ടുളളത്. മരത്തിൽ തൂങ്ങാനുപയോഗിച്ച കൈലി കെട്ടിയ കമ്പ് കനാലിലേക്ക് ഒടിഞ്ഞു വീണ നിലയിലാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സാംപിളുകൾ ശേഖരിച്ചു.
തലയോട്ടി ആദ്യം കണ്ട സ്ത്രീയുടെ ഭർത്താവിനെ 2 മാസമായി കാണാനില്ല. നേരത്തെ ഇവിടെ ടാപ്പിങ് നടത്തിയിരുന്നത് ഇയാളാണ്. മൃതദേഹം കാണാതായ ഈ തൊഴിലാളിയുടെതാണോ എന്ന് പരിശോധിക്കുകയാണ്. കടിച്ചുകീറിയ നിലയിൽ കനാലിൽ നിന്നും ലഭിച്ച വസ്ത്രങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി ഉറപ്പു വരുത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.


