
തിരുവനന്തപുരം: കാമുകിയോട് പണം തിരികെ ചോദിച്ച പരിചയക്കാരനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ നാടകീയ സംഭവങ്ങള്‍. സുഹൃത്തിന്‍റെ സാക്ഷി മൊഴി കേട്ടതോടെയാണ് കേസിലെ പ്രതിയായ ഷാജഹാന്‍ എന്ന ഇറച്ചി ഷാജി പ്രകോപിതനായത്. സാക്ഷിയെ തനിക്ക് വിസ്തരിക്കണം എന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ ക്ഷുഭിതനാവുകയായിരുന്നു. എന്നാല്‍ പ്രകോപനം കണക്കിലെടുക്കാതെ സാക്ഷിയെ വിസ്തരിക്കാന്‍ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഇതോടെ കോടതിയോടായി ഷാജഹാന്‍റെ കോപം. തന്നെ ഇപ്പോഴേ ജയിലിലിട്ടോളൂ എന്നായി ഇയാളുടെ പ്രതികരണം. ആനാട് ഇളവട്ടം കാർത്തികയിൽ മോഹനൻ നായരെയാണ് ഷാജി കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മണക്കാട് കമലേശ്വരം സ്വദേശിയുമായ ഷാജഹാൻ എന്ന ഇറച്ചി ഷാജി. ഷാജിയുടെ സുഹൃത്തായ കണ്ണടപ്പൻ അനി എന്ന അനിയെയാണ് കോടതി വിസ്തരിച്ചത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
ഷാജിയുടെ കാമുകിയായ കേസിലെ മറ്റൊരുപ്രതി ആനാട് ഇളവട്ടം ആശാഭവനിൽ സീമാ വിൽഫ്രഡിന്റെ മുൻ പരിചയക്കാരനായിരുന്നു കൊല്ലപ്പെട്ട മോഹനൻ നായർ. കൊലപാതകത്തിന് ശേഷം അന്നേ ദിവസം പണം ആവശ്യപ്പെട്ട് പ്രതി സാക്ഷിയുടെ വീട്ടിൽ ചെന്നതായി മൊഴി നൽകിയതാണ് ഷാജിയെ പ്രകോപിപ്പിച്ചത്. നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാൻ അഭിഭാഷകനുണ്ടല്ലോ എന്ന കോടതിയുടെ ചോദ്യമാണ് പ്രതിയെ ചൊടിപ്പിച്ചത്. ഷാജി സംഭവദിവസം അച്ഛനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നും പിന്നീട് അച്ഛന്റെ മൃതദേഹമാണ് കണ്ടതെന്നും കൊല്ലപ്പെട്ട മോഹനൻ നായരുടെ മകൻ സന്ദീപ് കോടതിയിൽ മൊഴി നൽകിയിരുന്നു.
ജയിലിൽ വച്ച് തിരിച്ചറിയൽ പരേഡിലൂടെയാണ് പ്രതിയെ താൻ തിരിച്ചറിഞ്ഞതെന്നും സന്ദീപ് കോടതിയെ അറിയിച്ചു. സംഭവദിവസം റോഡിലും വീട്ടിലും സ്ഥാപിച്ചിരുന്ന വൈദ്യുതി വിളക്കുകളുടെ പ്രകാശത്തിൽ ഇറച്ചി ഷാജിയെ തിരിച്ചറിഞ്ഞതായും സന്ദീപ് മൊഴി നൽകി. സംഭവസമയം ഷാജി ധരിച്ചിരുന്ന വസ്ത്രങ്ങളും കൊല്ലപ്പെട്ട മോഹനൻനായർ ധരിച്ചിരുന്ന വസ്ത്രങ്ങളും സന്ദീപ് കോടതിയിൽ തിരിച്ചറിഞ്ഞു.
മോഹനൻ നായർ സീമാ വിൽഫ്രഡിന് നൽകിയിരുന്ന അഞ്ച് ലക്ഷം രൂപ മടക്കി ചോദിച്ചതാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് കേസ്. 2016 സെപ്തംബർ 27ന് രാത്രി 10ഓടെയാണ് മോഹനൻനായർ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദേവിക അനിൽ, അഖില, ദേവിക മധു എന്നിവർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam