
കല്‍പ്പറ്റ: നിരവധി കഞ്ചാവ് വില്‍പ്പന കേസുകളില്‍ പ്രതിയായ അമ്പത്തിരണ്ടുകാരന്‍ ഒടുവില്‍ അഴിക്കുള്ളിലായി. ചെറുതും വലുതുമായ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അപ്പാട് മൈലമ്പാടി പാറക്കല്‍ വീട്ടില്‍ മനോജിനെയാണ് കല്‍പ്പറ്റ എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി രണ്ട് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും.
2016-ല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം സുരേന്ദ്രനും സംഘവും ചേര്‍ന്ന് വലിയ അളവില്‍ കഞ്ചാവ് പിടികൂടിയ കേസിലാണ് വിധി വന്നിരിക്കുന്നത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട കേസിന് പുറമെ മനോജ് നിരവധി എക്സൈസ്, പോലീസ് കേസുകളില്‍ പ്രതിയാണെന്നും തടവുശിക്ഷ അടക്കം ലഭിക്കാവുന്ന കേസുകളുടെ വിചാരണ നടന്നുവരികയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ഇടുക്കിയിലെ നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകൻ, മണപ്പാറ സ്വദേശി ഭാരതി എന്നിവരെയണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ നിന്നും വാങ്ങിയ കഞ്ചാവുമായി നെടുംകണ്ടം ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഹൈറേഞ്ച് മേഖലയിൽ കഞ്ചാവ് എത്തിക്കുന്നതിൽ ഇടനിലക്കാരായി നിൽക്കുന്നവരാണ് പ്രതികൾ.
തമിഴ്‌നാട്ടിൽ നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് ഇവർ കടത്തുന്നുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കാസര്‍കോട് പുലിക്കുന്നില്‍ രാസ ലഹരിയുമായി മൂന്ന് യുവാക്കളും പിടിയിലായി. 12 ഗ്രാം എംഡിഎംഎയുമായി ചേരങ്കൈ സ്വദേശി മുഹമ്മദ് സുഹൈല്‍ (30), പല്ലപ്പാടി സ്വദേശി ഉമറുല്‍ ഫാറൂഖ് (31), കല്ലക്കട്ട സ്വദേശി അബ്ദുല്‍ മുനവ്വര്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam