
മലപ്പുറം: ഒപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും അതേ കാമുകിയെയും പിന്നീട് കൊല ചെയ്യുകയും കേസിലെ പ്രതി ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്‌പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കേയാണ് ഇന്ന് മരിച്ചത്.
മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭർത്താവുമായിരുന്ന താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ 2018 -ലാണ് ബഷീർ കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
പുലർച്ചെ വീടിനുള്ളിൽ നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. കാമുകൻ അബ്ദുൾ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് വെളിപ്പെടുത്തി.
കൂടെ കിടന്നുറങ്ങിയിരുന്ന മകൾ ശബ്ദം കേട്ട് നിലവിളിച്ചപ്പോൾ കുട്ടിയെ മുറിക്കുള്ളിലാക്കി കത്തിയെടുത്ത് കഴുത്തറത്ത് മരണം സൗജത്ത് ഉറപ്പിച്ചു. വിദേശത്തായിരുന്ന അബ്ദുൾ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയിൽ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഗൾഫിലായിരുന്ന ബഷീർ കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗൾഫിലും ഇയാൾക്കെതിരെ പ്രചാരമുണ്ടായതോടെ പിടിച്ചുനിൽക്കാനാകാതെ തിരിച്ച് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. സൗജത്തും കേസിൽ പ്രതിയായിരുന്നു.
Read more: രോഗം മറച്ചുവച്ചെന്ന് ആരോപിച്ച് ഇൻഷുറൻസ് തള്ളി; കമ്പനിക്ക് പണികൊടുത്ത് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
പിന്നീട് റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും കൊണ്ടോട്ടി പുളിക്കലിലെ വലിയപറമ്പിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരവേ ക്വാർട്ടേഴ്‌സിൽ എത്തി സൗജത്തിനെ കൊലപ്പെടുത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. അന്ന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam