
തിരുവനന്തപുരം : വീട്ട് വളപ്പിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച് തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് വിൽപ്പന നടത്തിയ കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കളിയാക്കാവിള കോയി വിളയി സ്വദേശി മുഹമ്മദ്ഖാൻ ആണ് പൂന്തുറ പൊലീസിൻ്റെ പിടിയിലായത്. ബീമാപളളി സ്വദേശിയുടെ ഒരു വർഷം പഴക്കമുള്ള സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. മാർത്താണ്ഡത്ത് 5000 രൂപയ്ക്ക് വിറ്റ സ്‌കൂട്ടർ പൊലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ 13 നാണ് സ്കൂട്ടര്‍ മോഷണം നടന്നത്.
സ്‌കൂട്ടറിന്റെ ഉടമ എറണാകുളത്ത് പോയി മടങ്ങിവന്നപ്പോൾ വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടർ കാണാനില്ലായിരുന്നു. ഉടമ പൂന്തുറ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്‌കൂട്ടർ ഉടമയുമായി പരിചയമുളളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ പ്രദീപ് ജെ , എസ്ഐ ജയപ്രകാശ്, സി പി ഒ ബിജു ആർ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പണി പതിനെട്ടും പൊട്ടി, മോഷണശ്രമം പാളി രോഷത്തോടെ മടങ്ങിയ കള്ളൻ സിസിടിവിയിൽ കുടുങ്ങി
ആലപ്പുഴ : ഏറെനേരം പരിശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ വന്നപ്പോൾ മോഷ്ടാവിനു നിരാശ. ഒപ്പം രോഷവും. ഒടുവിൽ ദേഷ്യം നേർച്ചപ്പെട്ടിയിൽ തീർത്ത് നിരാശനായി മടക്കം. പൊന്നാംവെളി മാർക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന പട്ടണക്കാട് പൂങ്കാവിൽ പുത്തൻപള്ളിവക പൊന്നാംവെളി മുഹുയുദ്ദീൻ മസ്ജിദിന്റെ നേർച്ചപ്പെട്ടി മോഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു കള്ളൻ.
വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു പാന്റും ഷർട്ടും ധരിച്ച മോഷ്ടാവ് നേർച്ചപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിക്കാൻ എത്തിയത്. രണ്ട് തവണയായി പലവഴി ശ്രമങ്ങൾ നടത്തിയിട്ടും നേർച്ചപ്പെട്ടി തകർക്കാനോ തുറക്കാനോ മോഷ്ടാവിനായില്ല. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് പടിച്ച പണി പതിനെട്ടും നോക്കിയിട്ടും മോഷണം വിഫലമായി കള്ളൻ മടങ്ങിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പള്ളി അധികൃതർ പട്ടണക്കാട് പൊലീസിൽ പരാതി നൽകി.