പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സാഹായിച്ചെന്ന് ആരോപണം; സിപിഐ പ്രവർത്തകന് ക്രൂരമര്‍ദ്ദനം

By Web TeamFirst Published Jan 2, 2021, 8:47 PM IST
Highlights

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഐ പ്രവർത്തകന് ക്രൂരമര്‍ദ്ദനം

മൂന്നാര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഐ പ്രവർത്തകന് ക്രൂരമര്‍ദ്ദനം. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ താമസിക്കുന്ന സുബ്രമണ്യത്തെ  ഇടതുമുന്നണിപ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണ് പരാതി.   

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സുബ്രമണിയും കുടുംബവും സിപി ഐ പ്രവര്‍ത്തകരായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ നിന്നും മത്സരിക്കാന്‍ ഭാര്യയെ അനുവദിക്കണമെന്ന് സുബ്രമണ്യം പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി  വിസമ്മതിച്ചു. 

തുടര്‍ന്ന് സുബ്രമണ്യവും ബന്ധു തങ്കരാജും കോണ്‍ഗ്രസിനായി പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച മദ്യപിച്ചെത്തിയ മുരുകന്‍, കണ്ണന്‍, കുമാര്‍ നടരാജന്‍ എന്നിവര്‍ തങ്കരാജിനെ വീട്ടിന്‍ കയറി അസഭ്യം പറഞ്ഞു. തങ്കരാജ് സുബ്രമണ്യത്തെ വിളിച്ചുവരുത്തി.  പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനിടെ നാല്‍വര്‍ സംഘം സമീപത്തുകിടന്ന തടിക്കഷണങ്ങള്‍ ഉപയോഗിച്ച് സുബ്രമണ്യത്തെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ രാജിഗിരി ആശുപത്രിയില്‍ ചികില്‍സയിലാണ്. 

click me!