വെറ്ററിനറി സർവകലാശാലയില്‍ പക്ഷികളെ അശാസ്ത്രീയമായി പാർപ്പിച്ച സംഭവം; നടപടി തുടങ്ങി

By Web TeamFirst Published Jul 30, 2019, 8:27 PM IST
Highlights

വെറ്ററിനറി വിഭാഗം വിദ്യാർത്ഥികളുടെ ഗവേഷണത്തിനായെത്തിച്ച മിണ്ടാപ്രാണികളുടെ ദുരിതജീവിതം സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജില്ലാ മൃഗസംരക്ഷണസമിതി സർവകലാശാലയില്‍ പരിശോധന നടത്തിയത്.

വയനാട്: വയനാട് വെറ്ററിനറി സർവകലാശാലയില്‍ പക്ഷികളെ അശാസ്ത്രീയമായി പാർപ്പിച്ച സംഭവത്തില്‍ അധികൃതർ നടപടി തുടങ്ങി. ജില്ലാ മൃഗസംരക്ഷണ സമിതി കളക്ടർക്ക് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചു. പക്ഷികളെ പരിചരിക്കുന്നതില്‍ സർവകലാശാലാ അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വെറ്ററിനറി വിഭാഗം വിദ്യാർത്ഥികളുടെ ഗവേഷണത്തിനായെത്തിച്ച മിണ്ടാപ്രാണികളുടെ ദുരിതജീവിതം സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജില്ലാ മൃഗസംരക്ഷണസമിതി സർവകലാശാലയില്‍ പരിശോധന നടത്തിയത്. തുടർന്ന് കളക്ടർക്ക് കൈമാറിയ പരിശോധനാ റിപ്പോർട്ടിലാണ് സർവകലാശാല അധികൃതരുടെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടുന്നത്. 

ഒട്ടകപക്ഷി, എമു തുടങ്ങിയവ തീർത്തും വൃത്തിഹീനമായ പരിസരത്താണ് ജീവിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പക്ഷികള്‍ക്ക് ജീവിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ സർവകലാശാല അധികൃതർ ഒരു ശ്രദ്ധയും കാണിച്ചില്ല. ഇത്തരത്തില്‍ കൂട്ടിലടച്ച രണ്ട് ഒട്ടകപക്ഷികള്‍ ചത്തുപോയി. 

ഇങ്ങനെ പോയാല്‍ ബാക്കിയുള്ള പക്ഷികളുടെ ജീവനും ഭീഷണിയാണെന്നും, വിഷയത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ സമിതി  കളക്ടറോട് റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് ജില്ലാ വെറ്ററിനറി ഡോക്ടർക്കും സർവകലാശാല അധികൃതർക്കും അയച്ചിട്ടുണ്ട്. ജില്ലാ കളക്ടറും ജില്ലാ വെറ്ററിനറി ഡോക്ടറും വൈകാതെ സ്ഥലം സന്ദർശിക്കും. അവശരായ പക്ഷികൾക്ക് അടിയന്തിരമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം പക്ഷികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചതായി സർവകലാശാല അധികൃതർ വിശദീകരിച്ചു.

click me!