
കൊച്ചി: ഇരുചക്ര വാഹനമോ കാറോ അപകടകരമായി ഓടിച്ച് സ്റ്റണ്ട് വീഡിയോ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്യുന്നവരെ പൂട്ടാൻ എറണാകുളം എംവിഡി. സൈബർ വിങ് നടപടി ആരംഭിച്ചു. എംവിഡിയുടെ ശ്രദ്ധയിൽപ്പെടുന്നവർ പിഴയ്ക്ക് പുറമെ ഒരു ദിവസം നിർബന്ധിത ക്ലാസും അറ്റൻഡ് ചെയ്യണം.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യുവാക്കളെയാണ് എംവിഡി ക്ലാസിലേക്ക് അയച്ചത്. സോഷ്യൽ മീഡിയ ലൈക്കും വ്യൂസും കൂട്ടാൻ ശ്രമിക്കുന്നവരെ നിയന്ത്രിക്കാൻ സൈബർ വിങ് ഡിജിറ്റൽ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. വാഹന നമ്പർ പ്ലേറ്റുകൾ പരിശോധിച്ച് ഉടമയെ കണ്ടെത്തിയ ശേഷം റീൽസ് ഷൂട്ട് ചെയ്ത സ്ഥലം, പശ്ചാത്തലം എന്നവയെല്ലാം കൃത്യമായി മനസ്സിലാക്കും.
അനധികൃത റിയർ-വ്യൂ മിറർ മാറ്റം, സൈലൻസർ മാറ്റം തുടങ്ങിയ ലംഘനങ്ങളും പിഴയോടെ ശിക്ഷിക്കപ്പെടും. നിയമലംഘനം നടത്തി പിടിയിലായവർക്കുളള ആദ്യ ക്ലാസ് ജൂൺ 26ന് നടക്കും. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗം 19–30 വയസ്സുള്ളവരാണെന്ന് എംവിഡി അധികൃതർ പറഞ്ഞു. 30 വയസ്സിന് മുകളിലുളളവർ പൊതുവേ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കുന്നുവെന്നും അധികൃതർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിലും സോഷ്യൽ മീഡിയ പരിശോധന കർശനമായി തുടരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam