
പാലക്കാട്: പാലക്കാട് ഞാങ്ങാട്ടിരിയിൽ നടി മാളവികയുടെ വീട്ടിൽ രാത്രി കയറി മോഷണം നടത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. കള്ളന്‍റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഈ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. റെയിൻ കോട്ടും തൊപ്പിയും ധരിച്ച് മുഖം മറച്ച മോഷ്ടാവ് വീട്ടിനരികിലൂടെ നടന്ന് നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നടിയുടെ വീട്ടിൽ ഫിംഗർ പ്രിന്‍റ് വിദഗ്ദരടക്കമുള്ളവർ എത്തി പരിശോധന നടത്തിയിട്ടുണ്ട്. മോഷ്ടാവിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.
നർത്തകിയും അഭിനേതാവുമായ ഞാങ്ങാട്ടിരി അച്ചുതം വീട്ടിൽ മാളവികയുടെ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നാണ് കഴിഞ്ഞ ദിവസം മോഷണം നടത്തിയത്. തന്റെ വീട്ടില്‍ കള്ളൻ കയറുന്നതിന്റെ ദൃശ്യങ്ങള്‍ മാളവികയുടെ ഭര്‍ത്താവും നടനുമായ തേജസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മാളവികക്ക് സമ്മാനമായി ലഭിച്ച ഒന്നര ലക്ഷത്തിലേറെ വിലവരുന്ന വാച്ചും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ആണ് മോഷ്ടാവ് കവർന്നത്.
മോഷണം അറിഞ്ഞത് രാവിലെ ജോലിക്കാരി എത്തിയപ്പോൾ
മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടന്നത്. രാവിലെ ജോലിക്കാരി എത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലാണ്. പലതും പൊട്ടിച്ചിട്ടുമുണ്ട്. മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവർന്നത്. സ്വർണ്ണവും പണവും വീട്ടിൽ വച്ചിരുന്നില്ല എന്നതിനാൽ ഇത് നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് ആദ്യം തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തിയിരുന്നു. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു. മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിരുന്നു. ഇതിൽ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയിൽ നിന്നും മോഷ്‍ടിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam