
കോട്ടയം: കോട്ടയത്ത് 28 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാക്കാനം പുഞ്ചവയൽ സ്വദേശി സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്. അയൽവാസിയെ ആക്രമിച്ച കേസിൽ 1993 ശിക്ഷിക്കപ്പെട്ട സന്തോഷ് അന്നുമുതൽ ഒളിവിൽ ആയിരുന്നു.
ഇടുക്കി തങ്കമണിയിൽ നിന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
ഇയാൾ 1993 ല്‍ അയൽവാസിയെ വീട്ടിൽ കയറി ആക്രമിക്കുകയും, തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി ഇയാളെ മൂന്നുമാസം തടവിനും 2000 രൂപ പിഴയും ശിക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയിൽ നിന്നും ഇളവ് നേടി കോടതിയിൽ ഹാജരാകാതെ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു.
ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ ഇടുക്കി തങ്കമണിയിൽ നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. എരുമേലി എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam