
കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളക്ക് വോട്ടഭ്യർഥിച്ച് നടി നിഖിലാ വിമൽ. ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പാരമ്പര്യവും സ്നേഹവും കരുതലുമെല്ലാം അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ചവളാണ് താനെന്ന് പ്രചാരണ പരിപാടിയിൽ നിഖില പറഞ്ഞു. ചെറുപ്പം മുതലേ പരിചയമുള്ള ആളാണ് ടീച്ചറെന്നും അതുകൊണ്ടാണ് ഇവിടെ വന്നത്. കഴിഞ്ഞ 10 വർഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങൾ എന്താണെന്ന് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞതാണ്. ഞാൻ വർക്ക് ചെയ്യുന്ന ഫീൽഡ് സിനിമയാണ്. കലാസാംസ്കാരിക രംഗത്ത്, തളിപ്പറമ്പ് തന്നെ നിരവധി വികസനം വന്നതാണ്. അതിനുദാഹരണണാണ് ഹാപ്പിനസ് സ്ക്വയർ. ധർമശാലയിൽ ഒരു തിയറ്റർ കോംപ്ലക്സ് വരാൻ പോകുന്നു. അങ്ങനെ വികസനത്തിന്റെ തുടർച്ചയുണ്ടാകാൻ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യണമെന്നും നിഖില അഭ്യർഥിച്ചു.
സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയാണ് എൽഡിഎഫ് സ്ഥാനാർഥി. വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ കലാപമുണ്ടാക്കി പുറത്തുപോന്ന ടി.കെ. ഗോവിന്ദനാണ് യുഡിഎഫ് സ്വതന്ത്രനായി ശ്യാമളക്കെതിരെ മത്സരിക്കുന്നത്. എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. സി.പി.എമ്മിന് എതിരില്ലാത്ത, പാർട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയാണ് ഗോവിന്ദൻ. പയ്യന്നൂരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയ മുൻ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടി.കെ. ഗോവിന്ദനും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam