വികസനം എത്തിയിട്ടില്ലാത്ത ഊരുകള്‍, കിടപ്പാടവും റോഡും കൊതിച്ച് കുറത്തിക്കിടി ആദിവാസി കോളനി

By Web TeamFirst Published Jun 24, 2020, 2:33 PM IST
Highlights

അടിമാലി പഞ്ചായത്തിന്റെ ഒന്നാം വര്‍ഡില്‍ പെടുന്ന 250 ഓളം കുടുംബങ്ങളാണ് കുറത്തിക്കുടി ആദിവാസി സങ്കേതത്തിലുള്ളത്.
 

ഇടുക്കി: വികസനം കൊതിച്ച് കുറത്തിക്കുടി ആദിവാസി കോളനി. അടിമാലി കുറത്തിക്കിടി ആദിവാസി കോളനി വികസനം പ്രതീക്ഷിച്ച് കഴിയുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡ്, വാസയോഗ്യമല്ലാത്ത വീട് എന്നിവയ്ക്ക് പുറമെ വൈദ്യുതിയും ചികിത്സാ സൗകര്യവും  കുടിനിവാസികള്‍ക്ക് അന്യമാണ്. 

അടിമാലി പഞ്ചായത്തിന്റെ ഒന്നാം വര്‍ഡില്‍ പെടുന്ന 250 ഓളം കുടുംബങ്ങളാണ് കുറത്തിക്കുടി ആദിവാസി സങ്കേതത്തിലുള്ളത്. ഇവയില്‍ നൂറോളം പേര്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് അന്തിയുറങ്ങുന്നത്. ത്രിതല പഞ്ചായത്തിന്റെ വിവിധ ഭവന പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച വീടുകള്‍ പലതും പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. 

കുടിനിവാസികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം ഗതാഗതയോഗ്യമല്ലാത്ത റോഡാണ്. കുടിയില്‍ നിന്ന് തൊട്ടടുത്ത അടിമാലിയില്‍ എത്തണമെങ്കില്‍ 40 കിലോമീറ്റര്‍ സഞ്ചരിക്കണം. മഴ ശക്തമായാല്‍ കാല്‍നടയാത്രപോലും സാഹസികമായി മാറും. ആദിവാസി മേഖലകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ക്യത്യമായി ചിലവിടുന്നതായി കണക്കുകള്‍ കാട്ടുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും കുടിക്ക് ലഭിക്കുന്നില്ലെന്നുള്ളതാണ് വാസ്ഥവം.

click me!