
പത്തനംതിട്ട: ശബരിമല വനമേഖലയിലെ ആദിവാസികുട്ടികളെ സ്കൂളിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടൽ. കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടി ചൈൽഡ് ലൈൻ തുടങ്ങി. കുട്ടികൾക്കായി സ്കൂൾ അധികൃതർ വാഹനവും ഏർപ്പെടുത്തി.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി.
അധ്യയന വർഷം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ശബരിമല വനമേഖലയിൽ കഴിയുന്ന ഏഴ് ആദിവാസികുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രാ സൗകര്യമില്ലാത്തതായിരുന്നു കുട്ടികൾ സ്കൂളിൽ ചേരാത്തതിന് പ്രധാന കാരണം. മലമ്പണ്ടാര വിഭാഗത്തിൽപ്പെടുന്ന ആദിവാസി കുടുംബങ്ങളാണ് ശബരിമല വനമേഖലയില്‍ താമസിക്കുന്നത്. വനവിഭവങ്ങളുടെ ലഭ്യത അനുസരിച്ച് വാസസ്ഥലം ഇടക്കിടെ മാറുന്നതാണ് ഇവരുടെ രീതി. താമസസ്ഥലം മാറുന്നതനുസരിച്ച് വണ്ടി സൗകര്യം ലഭ്യമാകുന്നില്ല എന്നതായിരുന്നു പ്രശ്നം. ഇവരുടെ അവസ്ഥ വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ട ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രശ്നത്തിൽ ഇടപ്പെടുകയായിരുന്നു.
വെൽഫെയർ കമ്മിറ്റി ചെയർമാന്‍റെ നേതൃത്വത്തിലുള്ള സംഘം കോളനിയിലെത്തി രക്ഷിതാക്കളുമായും ട്രൈബൽ വകുപ്പ് അധികൃതരുമായും സംസാരിച്ചു. കുട്ടികളെ ആങ്ങമൂഴി സ്കൂളിൽ വിടാനുള്ള ചെലവ് സർക്കാർ പദ്ധതികളിൽ നിന്ന് ലഭ്യമാക്കുമെന്നറിയിച്ചു. അതിനിടെ സ്കൂൾ അധികൃതർ കുട്ടികൾക്ക് പോകാൻ വാഹനവും സജ്ജമാക്കി.
കുട്ടികളെ ഹോസ്റ്റലിലേക്ക് മാറ്റണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും ആലോചനയിലുണ്ടെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam