ദേ, ഇതാണ് വേങ്ങൂരുകാരുടെ 'സ്വന്തം' കുതിര!

By Web TeamFirst Published Jul 15, 2019, 9:32 AM IST
Highlights

ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നുന്ന കുതിര പൊതുവേ ശാന്തപ്രിയനാണ്. ആരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമായതിനാല്‍ നാട്ടുകാരെല്ലാം കുതിരയോട് അടുപ്പമുള്ളവരായി.

കൊച്ചി: എറണാകുളം വേങ്ങൂരിൽ അലഞ്ഞ് തിരിഞ്ഞെത്തിയ കുതിരയെത്തേടി ഉടമസ്ഥർ ആരും വരാത്തതിനാൽ സംരക്ഷണം  നാട്ടുകാർ ഏറ്റെടുത്തു. കുതിരയെ വളർത്താൻ താൽപര്യം പ്രകടിപ്പിച്ച് പലരും സമീപിക്കുന്നുണ്ടെങ്കിലും  നഗരസഭ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു മാസം മുമ്പ് പുലർച്ചെ നടക്കാനിറങ്ങിയ ജോർജ് തെറ്റയിലിന് റോഡരികിൽ നിന്നാണ് തവിട്ടുനിറത്തിലുള്ള കുതിരയെ കിട്ടിയത്.   റോഡരികില്‍ കണ്ടെത്തിയ സമയത്ത് കുതിര അവശനായിരുന്നു എന്ന് നാട്ടുകാ‍ർ പറയുന്നു. തുടര്‍ന്ന് നാട്ടുകാർ തന്നെ ഭക്ഷണവും വെള്ളവും നൽകി കുതിരയെ സംരക്ഷിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നുന്ന കുതിര പൊതുവേ ശാന്തപ്രിയനാണ്. ആരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമായതിനാല്‍ നാട്ടുകാരെല്ലാം കുതിരയോട് അടുപ്പമുള്ളവരായി.

കുതിരയുടെ ഉടമസ്ഥനെ ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടമയെ കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം തേടിയിട്ടും ഫലമുണ്ടായില്ല. വന്യജീവി അല്ലാത്തതിനാൽ വനം വകുപ്പിനും കുതിരയെ ഏറ്റെടുക്കാൻ ആകില്ല. ഈ സാഹചര്യത്തിലാണ് കുതിരയുടെ സംരക്ഷണം നഗരസഭ ഏറ്റെടുത്താല്‍ നന്നായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നത്.   

click me!